ആശുപത്രിയില്‍ പോകാനായി ആംബുലന്‍സ് കാത്ത് നില്‍ക്കവെ ആദിവാസി യുവതി റോഡില്‍വച്ച് കുഞ്ഞിന് ജന്മം നല്കി. യുവതിയുടെ വീട്ടുകാര്‍ ഫോണ്‍ വിളിച്ചിട്ടും ആംബുലന്‍സ് എത്താത്തതിനാല്‍ യഥാസമയം ആശുപത്രിയിലെത്തിക്കാന്‍ കഴിഞ്ഞില്ല. വാഹനത്തില്‍ ഇന്ധനമില്ലെന്നായിരുന്നെന്നാണ് നല്കിയ മറുപടി.തെലുങ്കാനയിലാണ് സംഭവം.
കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് ഗംഗാമണിയ്ക്ക് പ്രസവ വേദന അനുഭവപ്പെട്ടത്. ഗ്രാമത്തിന് റോഡ് കണക്ടിവിറ്റി ഇല്ലാത്തതിനാല്‍ വീട്ടുകാര്‍ യുവതിയെ കൈകളില്‍ താങ്ങിയാണ് അരുവി മുറിച്ചുകടന്ന് അടുത്തുള്ള റോഡിലെത്തിച്ചത്.
അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലെത്താന്‍ ആംബുലന്‍സില്‍ വിളിച്ചപ്പോഴാണ് വാഹനത്തില്‍ ഇന്ധനം തീര്‍ന്നെന്ന മറുപടി ലഭിച്ചത്. നാല് മണിക്കൂറോളം വേദന സഹിച്ച യുവതി വീട്ടുകാരുടെ സഹായത്തോടെ വഴിയില്‍ കുഞ്ഞിനെ പ്രസവിച്ചു.
പ്രസവശേഷമാണ് ആംബുലന്‍സ് എത്തിയത്. പിന്നാലെ അമ്മയെയും കുഞ്ഞിനെയും സുരക്ഷിതമായി ആശുപത്രിയിലേക്ക് മാറ്റി. ഇനി ഇത്തരം സംഭവങ്ങള്‍ തടയാന്‍ റോഡ് കണക്ഷന് വേണമെന്ന് ഗ്രാമവാസികള്‍ ആവശ്യപ്പെട്ടു.