കെ.ഷിന്റുലാല്‍
കോഴിക്കോട്: സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് കേസിലെ പ്രധാന പ്രതിയുമായി അടുത്ത ബന്ധമുണ്ടായിരുന്നു യുവാവിന്റെ മരണത്തില്‍ ദുരൂഹത.ബംഗളൂരു, കോഴിക്കോട് കേസുകളില്‍ പോലീസ് അറസ്റ്റ് ചെയ്ത ഇബ്രാഹിമിന്റെ സുഹൃത്ത് തിരൂര്‍ സ്വദേശിയായ 24 വയസുള്ള യുവാവ് രണ്ട് വര്‍ഷം മുമ്പാണ് വാഹനാപകടത്തില്‍ മരിച്ചത്.
സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചുമായി ബന്ധമുള്ളവരെ കുറിച്ചുള്ള ചോദ്യം ചെയ്യലിനിടെയാണ് ഇബ്രാഹിം മരിച്ച യുവാവിനെ കുറിച്ച് കഴിഞ്ഞ ദിവസം മൊഴി നല്‍കിയത്. ഇതിന് പിന്നാലെയാണ് യുവാവ് മരിച്ചതിനെ കുറിച്ചും മറ്റുമുള്ള കൂടുതല്‍ വിവരങ്ങള്‍ വിവിധ അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കാന്‍ തീരുമാനിച്ചത്.
2019 ല്‍ മുംബൈയില്‍ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് പിടികൂടിയിരുന്നു. തുടര്‍ന്ന് മിലിറ്ററി ഇന്റലിജന്‍സും മുംബൈ തീവ്രവാദ വിരുദ്ധ സേനയും (എടിഎസും) നടത്തിയ അന്വേഷണത്തില്‍ മലയാളികളുമായി ബന്ധമുണ്ടെന്ന സൂചന ലഭിച്ചു.
കൂടുതല്‍ അന്വേഷണത്തിനിടെ തിരൂര്‍ സ്വദേശിയായ യുവാവിന്റെ പങ്കിനെ കുറിച്ച് ചില സൂചനകള്‍ ലഭിച്ചു. ഈ അന്വേഷണം നടക്കുന്നതിനിടെയാണ് വയനാട് വൈത്തിരിയില്‍ വച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചത്. യുവാവിനൊപ്പമുണ്ടായിരുന്ന മറ്റു രണ്ടുപേര്‍ കൂടി മരിച്ചിരുന്നു.
ബെംഗളൂരുവില്‍ നിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെയാണ് കോഴിക്കോട്-മൈസൂരു ദേശീയപാതയില്‍ ടിപ്പര്‍ലോറിയും കാറും കൂട്ടിയിടിച്ചത്.മുബൈ പോലീസിന്റെ അന്വേഷണം സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് നടത്തിപ്പുകാര്‍ സസൂക്ഷ്മം നിരീക്ഷിച്ചിരുന്നതായും കോഴിക്കോട്ടെ കേസന്വേഷിക്കുന്ന സി-ബ്രാഞ്ചിന് വിവരം ലഭിച്ചു.
അന്വേഷണം മരിച്ച യുവാവിലേക്ക് എത്തിയാല്‍ അതിന് പിന്നിലുള്ള കൂടുതല്‍ മലയാളികള്‍ കുടുങ്ങും. ഈ സാഹചര്യത്തിലായിരുന്നു വാഹനാപകടമുണ്ടായത്.അന്ന് ഇതിന് പിന്നില്‍ മറ്റു ദുരൂഹതകളൊന്നും സംശയിച്ചിരുന്നില്ല.
എന്നാല്‍ ഇബ്രാഹിമിനെ ചോദ്യം ചെയ്തതിലൂടെയാണ് അന്ന് മരിച്ച യുവാവിലേക്ക് അന്വേഷണ സംഘം എത്തിയത്. കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും സംസ്ഥാന തീവ്രവാദ വിരുദ്ധ സേനയും (എടിഎസ്) ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)യും ഇതേകുറിച്ച് അന്വേഷിക്കുന്നുണ്ട്.
ഇബ്രാഹിമിന് പാക്കിസ്ഥാന് -ബംഗ്ലാദേശ് ബന്ധം
കോഴിക്കോട് : ദക്ഷിണേന്ത്യയിലെ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചിനു പിന്നിലെ പ്രധാനകണ്ണിയായ മലപ്പുറം സ്വദേശി ഇബ്രാഹിമിന് പാക്കിസ്ഥാനും ബംഗ്ലാദേശുമായും ബന്ധം. പാക്കിസ്ഥാനിയായ റഹീമിനും ബംഗ്ലാദേശുകാരന് റൗഫിനും സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചിന് ഉപയോഗിക്കുന്ന സിംറൂട്ടറുകള് ഇബ്രാഹിം നല്കിയയിട്ടുണ്ടെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്.
റഹീം ഈ റൂട്ടറുകള്‍ ഉപയോഗിച്ച് എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിനകത്തു നടത്തിയെന്നത് വ്യക്തമായിട്ടില്ല. റൂട്ടറുകള്‍ അനുവദിച്ചു നല്‍കിയതിന് ഇബ്രാഹിമിന് 20 ലക്ഷം രൂപ ലഭിച്ചതായും കണ്ടെത്തി. കോഴിക്കോട്ടെ കേസില്‍ സി-ബ്രാഞ്ച് കസ്റ്റഡിയിലെടുത്ത ഇബ്രാഹിമിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് പാക്കിസ്ഥാന് ബന്ധത്തെക്കുറിച്ചു വ്യക്തമായത്.
കേന്ദ്രഇന്റലിജന്‍സ് ബ്യൂറോ (ഐബി), മിലിറ്ററി ഇന്റലിജന്‍സ് എന്നീ കേന്ദ്രഏജന്‍സികളും ആന്റി ടെററിസ്റ്റ് സ്ക്വാഡ് (എടിഎസ്), ആഭ്യന്തരസുരക്ഷാ വിഭാഗം (ഐഎസ്) എന്നീ വിഭാഗങ്ങളും ഇബ്രാഹിമിനെ ചോദ്യം ചെയ്തിരുന്നു. പാക്കിസ്ഥാനുമായി മറ്റുബന്ധങ്ങളില്ലെന്നും ബിസിനിസ് ആവശ്യാർഥം മാത്രമാണ് റഹീമിനെ ബന്ധപ്പെട്ടതെന്നുമാണ് ഇബ്രാഹിം ആവര്‍ത്തിക്കുന്നത്.
ചൈനയില്‍ നിന്നു നിര്‍മിക്കുന്ന ഉപകരണങ്ങള്‍ ബംഗളൂരുവിലെ ഡിസി നെറ്റാണ് ഇന്ത്യയില്‍ എത്തിക്കുന്നത്. കോള്സെന്ററിലേക്കും മറ്റും നിയമപ്രകാരമാണ് ഡിസിനെറ്റ് ഉപകരണങ്ങള്‍ നല്‍കുന്നത്. ഈ കമ്പനിയെ വിശ്വസിപ്പിച്ചുകൊണ്ടാണ് ദക്ഷിണേന്ത്യയിലെ പലയിടത്തേക്കും സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചിന് ആവശ്യമായ സാധനങ്ങള്‍ എത്തിക്കുന്നത്.
ഇതിനുപുറമേ നേരിട്ടും രഹസ്യമായും വിദേശത്തുനിന്ന് ഇത്തരം ഉപകരണങ്ങള്‍ എത്തിച്ചതായും വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി മുന്നൂറിലേറെ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ഇബ്രാഹിമിന്റെ മൊഴി.
കോഴിക്കോട് നഗരത്തിലെ ഏഴിടത്തുള്ള എക്സ്ചേഞ്ചുകള്‍ മാത്രമായിരുന്നു പോലീസ് കണ്ടെത്തിയത്. ഇതിനുപുറമേ കൊടുവള്ളിയിലും എക്സ്ചേഞ്ചുകള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ഇവിടേക്ക് ആവശ്യമായ ഉപകരണങ്ങള്‍ കൈമാറിയിട്ടുണ്ടെന്നും ഇബ്രാഹിം മൊഴി നല്കി.
ഹവാല-സ്വര്ണക്കടത്തുകാര് സ്ഥിരമായി സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചുകളെയാണ് ആശ്രയിക്കുന്നത്. സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചില്‍ ഇവര്‍ പണം നിക്ഷേപിച്ചിട്ടുമുണ്ട് . ഇവരുടെ വിശദവിവരങ്ങള്‍ അന്വേഷണസംഘം ശേഖരിച്ചുവരികയാണ്.
കോഴിക്കോട് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികളായ മൂരിയാട് സ്വദേശി ഷബീര്‍, പ്രസാദ് എന്നിവരുമായി ഇബ്രാഹിമിന് അടുത്ത ബന്ധമാണുള്ളത്. എന്നാല്‍ ഇവര്‍ എവിടെയാണുള്ളതെന്നറിയില്ലെന്നാണു പറയുന്നത്. ടെലികോം വിഭാഗത്തിനു നഷ്ടമുണ്ടാക്കും വിധത്തില്‍ കുഴല്‍ഫോണ്‍ ശൃംഖലയ്ക്കായി പ്രവര്‍ത്തിച്ചുവെന്നതു മാത്രമാണ് ഇബ്രാഹിം സമ്മതിക്കുന്നത്. തീവ്രവാദ സംഘടനകളും വ്യക്തികളും സമാന്തര ടെലിഫോണ്‍ ഉപയോഗിച്ചതിനെ കുറിച്ചറിയില്ലെന്നാണു പറയുന്നത്.
ഇബ്രാഹിമിനു നേരത്തെ നിയമോപദേശം ലഭിച്ചതിനാലാണ് ഇത്തരത്തില്‍ മറുപടി നല്‍കുന്നതെന്നും അന്വേഷണസംഘം സംശയിക്കുന്നുണ്ട്.ഷബീറും പ്രസാദും നിയമോപദേശത്തെത്തുടര്ന്നു കോടതി മുഖേന മുന്‍കൂര്‍ ജാമ്യത്തിനു ശ്രമിക്കുന്നതായും പോലീസ് സംശയിക്കുന്നുണ്ട്. കോഴിക്കോട് സി-ബ്രാഞ്ച് അസി.കമ്മീഷണര്‍ ടി.പി.ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ഇവരെ പിടികൂടാനായി ശ്രമം തുടരുകയാണ്.