സ്വന്തം ലേഖകൻ
കോഴിക്കോട് : സംസ്ഥാനത്തെ സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസുകളുടെ തുടരന്വേഷണത്തിനു പ്രത്യേക സംഘം രൂപീകരിച്ചു.
തീവ്രവാദ വിരുദ്ധ സ്ക്വാഡിന് ( എടിഎസ് ) എസ്പി ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇനി കേസിൽ തു ടരന്വേഷണം നടത്തുക. ഇതുസംബന്ധിച്ച സംസ്ഥാന പോലീസ് മേധാവിയുടെ ഉത്തരവ് തിങ്കളാഴ്ച പുറത്തിറങ്ങി.
ഇപ്പോൾ കേസ് അന്വേഷിക്കുന്ന കോഴിക്കോട് സിബ്രാഞ്ച് അസി. കമ്മീഷണർ ടി.പി. ശ്രീജിത്ത്, കൊരട്ടി സിഐ ബി.കെ. അരുൺ, അതിരപ്പള്ളി സിഐ ഷിജു തുടങ്ങിയവർ അടങ്ങിയ സംഘത്തെയാണ് നിയോഗിച്ചത്. അടുത്ത ദിവസം ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തിൽ കോഴിക്കോട് യോഗം ചേർന്നു കേസിന്റെ പുരോഗതി വിലയിരുത്തും.
വിപുലമായ നീക്കം
രാജ്യത്തിന്റെ പല ഭാഗങ്ങളിലും സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾ കണ്ടെത്തിയിരുന്നു. രാജ്യാന്തര ബന്ധമുള്ള സംഘത്തെക്കുറിച്ച് അന്വേഷിക്കാൻ വിപുലമായ സംഘം വേണമെന്ന് അന്വേഷണോദ്യോഗസ്ഥർ ആവശ്യപ്പെട്ടിരുന്നു.
കോഴിക്കോട് മാത്രം 750 സിം കാർഡുകൾ പിടികൂടിയിരുന്നു. കൂടാതെ പ്രതികളിൽ നിന്ന് ശേഖരിച്ച മറ്റ് ഡിജിറ്റൽ വിവരങ്ങളുമുണ്ട്. ഇവയെല്ലാം പരിശോധിക്കാൻ കൂടുതൽ ഉദ്യോഗസ്ഥർ ആവശ്യമായുണ്ട്. ഇക്കാര്യങ്ങൾ പരിഗണിച്ചാണ് പ്രത്യേകാന്വേഷക സംഘമുണ്ടാക്കിയത്.
ഹൈദരാബാദിൽ
അതേസമയം , കഴിഞ്ഞ ദിവസം അറസ്റ്റിലായ മലയാളി മുഹമ്മദ് റസാലിനെ ചോദ്യം ചെയ്യാനായി ഒരു സംഘം ഹൈദരാബാദിലെത്തി. സി ബ്രാഞ്ച് എസ്ഐ ഷാജി, എഎസ്ഐ രാകേഷ്, സൈബർ എക്സ്പേർട്ട് ബിജിത്ത് എന്നിവരാണ് ഹൈദരാബാദിലുള്ളത്. കോടതി അനുമതി ലഭിച്ചാലുടൻ ഉന്നത ഉദ്യോഗസ്ഥരും ഹൈദരാബാദിലെത്തി പ്രതിയെ ചോദ്യം ചെയ്യും.