വടക്കഞ്ചേരി: ബിഎസ്എൻഎൽ ജീവനക്കാരൻ ചമഞ്ഞു ടെലിഫോണ്‍ കേബിൾ മോഷണം. പകൽസമയം കണ്ണംകുളത്താണു മോഷണം അരങ്ങേറിയത്. കണ്ണംകുളം സെന്റർ മുതൽ മഞ്ഞിലക്കുളന്പ് കോളനിവരെയുള്ള റോഡിലെ 500 മീറ്ററോളം കേബിളാണ് ഇയാൾ മോഷ്ടിച്ചത്.
ഇതോടെ പ്രദേശത്തെ വീടുകളിലേക്കുള്ള ഫോണുകളും ബ്രോഡ്ബാൻഡ് കണക്ഷനുകളും ഇല്ലാതായി. റോഡ് സൈഡിലിരുന്ന് ഒരാൾ കേബിൾ മുറിക്കുന്നതു കണ്ടു നാട്ടുകാർ ചോദിച്ചപ്പോൾ ബിഎസ്എൻഎൽ ജീവനക്കാരനാണെന്നും കേബിൾ ആവശ്യമില്ലാത്തതു മുറിക്കുകയാണെന്നുമാണ് പറഞ്ഞത്.
നാട്ടുകാർ അതു വിശ്വസിച്ച് കേബിൾ മോഷ്ടിക്കുന്നതു കണ്ടുനിന്നു. പിന്നീട് വൈകീട്ടോടെ ഫോണ്‍ കണക്ഷനുകളെല്ലാം നിശ്ചലമായതോടെ അധികൃതരുമായി ബന്ധപ്പെട്ടപ്പോഴാണ് മോഷണമായിരുന്നെന്നു നാട്ടുകാർക്കു മനസിലായത്.
അപ്പോഴേക്കും മോഷ്ടാവ് അത്യാവശ്യം കേബിൾ കൈക്കലാക്കി സ്ഥലംവിട്ടിരുന്നു. പോലീസ് സ്റ്റേഷനിൽ നാട്ടുകാർ പരാതി നൽകിയിട്ടുണ്ട്.