കോഴിക്കോട് : സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് കേസില്‍ കഴിഞ്ഞ ദിവസം പിടിയിലായ മലപ്പുറം സ്വദേശിയായ മുഖ്യസൂത്രധാരന്‍ ഇന്തോനേഷ്യയിലും ആഫ്രിക്കന്‍ രാജ്യങ്ങളിലും വരെ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് സ്ഥാപിക്കാന്‍ ശ്രമിച്ചിരുന്നതായി പോലീസ്.
മലപ്പുറം കോട്ടക്കല്‍ സ്വദേശി പുന്നക്കോട്ടില്‍ മുഹമ്മദ് സലീമാണ് രാജ്യത്തിനകത്തും പുറത്തുമായി അനധികൃത എക്സ്ചേഞ്ചുകള്‍ സ്ഥാപിക്കാന്‍ ശ്രമം നടത്തിയത്. ഇതിനായി വിദേശത്ത് നിന്ന് സാമ്പത്തിക സഹായം കൈപ്പറ്റിയതായും സിബ്രാഞ്ച് സംഘം അറിയിച്ചു.
രാജ്യത്തുടനീളമുള്ള സമാന്തര എക്സ്ചേഞ്ചുകള്‍ പ്രവര്‍ത്തിപ്പിച്ചതും ഏകോപിപ്പിച്ചതും സലീമാണെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം പോലീസ് അറസ്റ്റ് ചെയ്ത ഇയാളെ കൊരട്ടിയിലെ കേസില്‍ പ്രതിചേര്‍ത്തു.
ഈ കേസുമായി ബന്ധപ്പെട്ടുള്ള നിയമനടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം കോഴിക്കോട്ടെ കേസിലും പ്രതിയാക്കും. സി ബ്രാഞ്ച് അസി. കമീഷണര്‍ ടി പി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ ചോദ്യം ചെയ്തു വരികയാണ്.കേരളത്തിലും കര്‍ണാടകയിലുമായി നിരവധി കേസുകളില്‍ പ്രതിയാണ് മുഹമ്മദ് സലിം.
തെലങ്കാനയില്‍ കള്ളനോട്ടു കേസിലും ഇയാള്‍ പ്രതിയാണ്. സലീമിനെ ചോദ്യം ചെയ്യുന്നതോടെ കേസില്‍ നിര്‍ണായക വഴിത്തിരിവുകളുണ്ടാകുമെന്നാണ് അന്വേഷണസംഘം പ്രതീക്ഷിക്കുന്നത്.
കോഴിക്കോട് കേസില്‍ ഒളിവില്‍ കഴിയുന്ന ഷബീര്‍, ഹൈദരാബാദില്‍ അറസ്റ്റിലായ റസാല്‍ എന്നിവരുമായി ചേര്‍ന്നാണ് സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചുകള്‍ സ്ഥാപിച്ചതും ഹവാല ഇടപാടുകള്‍ക്ക് നേതൃത്വം നല്കയതും. മലപ്പുറത്ത് രണ്ട് ദിവസം മുമ്പ് വന്നുവെന്ന വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഇയാളെ പിന്തുടരുകയായിരുന്നു.