സ്വന്തം ലേഖകൻ
കോഴിക്കോട്: വിദേശത്തുനിന്ന് നിയമവിരുദ്ധമായി രാജ്യത്തേക്ക് ഫോണ്‍ കോളുകൾ എത്തിക്കുന്ന രണ്ട് സമാന്തര “ടെലികോം എക്സ്ചേഞ്ചു’കളിൽ കണ്ടെത്തിയത് വ്യജ മേൽവിലാസത്തിൽ എടുത്ത സിംകാർഡുകൾ. പിടിച്ചെടുത്ത സിമ്മുകൾ സൈബർ സെല്ലിലേക്ക് പരിശോധനയ്ക്ക് അയച്ചു. മറ്റെന്തെല്ലാം പ്രവർത്തനങ്ങൾക്ക് സിം ഉപയോഗിച്ചു എന്ന് സൈബർ സെൽ പരിശോധനയിൽ മാത്രമേ വ്യക്തമാകൂ. വർഷങ്ങൾക്ക് മുന്‍പ് ഇപ്പോഴത്തെ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു മുന്പിൽ ടാക്സി സ്റ്റാൻഡിനു സമീപത്തായി ഇത്തരത്തിൽ സ്വകാര്യ ഫോണ്‍ എക്സേഞ്ചഞ്ച് പ്രവർത്തിച്ചിരുന്നു. എന്നാൽ പോലീസ് അന്വേഷണം എങ്ങുമെത്തിയില്ല.
കഴിഞ്ഞ ദിവസത്തെ സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറത്തുകാരായ ഷറഫുദ്ദീൻ, അഫ്സൽ, ബിനു എന്നിവരെ പോലീസ് പ്രതി ചേർത്തിട്ടുണ്ട്. ഇവരെ ചുറ്റിപ്പറ്റിയാണ് അന്വേഷണം നടക്കുന്നത്. സംഘങ്ങൾക്ക് തീവ്രവാദ ബന്ധമുണ്ടോയെന്ന കാര്യത്തെ കുറിച്ചും വലിയ അന്വേഷണമാണ് നടക്കുന്നത്.
കോഴിക്കോട് റെയിൽവേ സ്റ്റേഷനുസമീപം ആനിഹാൾ റോഡിൽ പി.ബി.എം. ബിൽഡിംഗിന്റെ രണ്ടാം നിലയിൽ പ്രവർത്തിച്ച ഒരു മുറിയിലും, വലിയങ്ങാടിയുടെ പടിഞ്ഞാറെ അറ്റത്ത് പഴയ പാസ്പോർട്ട് ഓഫീസ് കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ഒരു മുറിയിലുമായി പ്രവർത്തിച്ച സമാന്തര ടെലികോം എക്സ്ചേഞ്ചാണ് പോലീസ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്. ടെലികോം മന്ത്രാലയത്തിന്റെ ടെലികോം എൻഫോഴ്മെന്റ് റിസോഴ്സ് ആൻഡ് മോണിറ്ററിംഗ് സെല്ലും (ടേം) ടൗണ്‍ പോലീസും ചേർന്ന് നടത്തിയ റെയ്ഡിൽ ലക്ഷങ്ങൾ വിലവരുന്ന ഉപകരണങ്ങളും ധാരാളം തിരിച്ചറിയൽ രേഖകളും കണ്ടെത്തിയിരുന്നു.
വിദേശത്തുനിന്ന് വരുന്ന കോളുകൾ ഇൻറർനെറ്റ് ബ്രോഡ്ബാന്റ് കണക്ഷനിലൂടെ സ്വീകരിച്ച് ഒരു ചൈനീസ് ഉപകരണത്തിന്റെ സഹായത്തോടെ ഓട്ടോ മാറ്റിക്കായി കേരളത്തിലെ സിം കാർഡിലേക്കും ഇന്ത്യയ്ക്ക് അകത്തെ മറ്റ് നന്പറുകളിലേക്കും നൽകുകയാണ് സമാന്തര ടെലികോം എക്സ്ചേഞ്ച് മുഖേന ചെയ്യുന്നത്. ഇതിന് എയർടെല്ലിന്റെ പരിധി ഇല്ലാതെ അതിവേഗ ഇൻറർനെറ്റ് ഉപയോഗിക്കാവുന്ന പ്ലാനുകളും ഉപയോഗിച്ചിട്ടുണ്ട്. ഇന്ത്യൻ വയർലെസ് ടെിലിഗ്രാഫ് ആക്റ്റ്, ഇന്ത്യൻ ടെലിഗ്രാഫ് ആക്റ്റ്, ഇന്ത്യൻ ശിക്ഷാ നിയമത്തിന്റെ 406, 420 വകുപ്പുകൾ പ്രകാരമാണ് ടൗണ്‍ പോലീസ് കേസെടുത്തത്.
ആളില്ലാതെ ഓട്ടോമാറ്റിക്കായി പ്രവർത്തിക്കുന്ന ചൈനീസ് നിർമിത ഉപകരണമാണ് എക്സ്ചേഞ്ചിലെ മുഖ്യ ഉപകരണം. ഒരേസമയം 32 സിം കാർഡുകൾ പ്രവർത്തിക്കാവുന്ന രണ്ട് ഉപകരണങ്ങളും (വിഒഐപി മെഷീൻ) 16 സിംകാർഡുകൾ ഉപയോഗിക്കാവുന്ന എട്ട് ഉപകരണങ്ങളുമാണ് പ്രധാനമായും കണ്ടെത്തിയത്. ഒപ്പം ഫോട്ടോ സ്കാനിംഗ് മെഷീൻ, എടിഎം കാർഡ് സ്വൈപ്പിംഗ് യന്ത്രം, മോഡെം ഉപകരണങ്ങൾ, യുപിഎസ്, കർണ്ണാടക, കേരള വിലാസത്തിലുള്ള ധാരാളം ആധാർ കാർഡുകൾ, ഒട്ടേറെ പേരുടെ പാസ്പോർട്ട് സൈസ് ഫോട്ടോകൾ എന്നിവയും കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.