കെ.ഷിന്റുലാല്‍
കോഴിക്കോട്: വിദേശത്തുനിന്നു നിയമവിരുദ്ധമായി രാജ്യത്തേക്കു ഫോണ്‍ കോളുകള്‍ എത്തിക്കുന്ന കോഴിക്കോട്ടെ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചില്‍ ജമ്മുകാഷ്മീരില്‍ നിന്നുള്ളയാള്‍ സന്ദര്‍ശിച്ചതായി സൂചന.
കോഴിക്കോട്ടെ മൂരിയാടുള്ള സമാനന്തര ടെലിഫോണ്‍ എക്സ്ചേഞ്ചിലാണ് അജ്ഞാതന്‍ സന്ദര്‍ശനം നടത്തിയതെന്നാണ് കേന്ദ്രരഹസ്യാന്വേഷണ വിഭാഗവും പോലീസും സംശയിക്കുന്നത്.
ഇവിടെനിന്ന് ലേ-ലഡാക്കിലെ ഒരു കാരിബാഗ് ലഭിച്ചിരുന്നു. ഇതോടെയാണ് അന്വേഷണ സംഘത്തിന് കൂടുതല്‍ സംശയങ്ങളുണ്ടായത്. ക്യാരിബാഗ് എങ്ങനെ എത്തിയെന്നതു സംബന്ധിച്ച് ഇപ്പോഴും അവ്യക്തത നിലനില്‍ക്കുകയാണ്.
ജീവനക്കാരനായ ജുറൈസിനെ ചോദ്യം ചെയ്തുവെങ്കിലും ഇക്കാര്യങ്ങള്‍ സംബന്ധിച്ചുള്ള വിവരം ലഭിച്ചിട്ടില്ല.
ജമ്മു കാഷ്മീരിലും
ജമ്മു കാഷ്മീരിലും സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. കേസില്‍ ഒളിവില്‍ കഴിയുന്ന സമാനന്തരടെലിഫോണ് എക്സ്ചേഞ്ച് നടത്തിപ്പുകാരന് മൂരിയാട് സ്വദേശി ഷബീര്‍ ലേ-ലഡാക്കില്‍ സന്ദര്‍ശിച്ചിട്ടുണ്ടോയെന്നും വിവിധ ഏജന്‍സികള്‍ അന്വേഷിക്കുന്നുണ്ട്.
കാരിബാഗില്‍ കൊണ്ടുവന്ന വസ്തുക്കള്‍ എന്താണെന്നത് ഇപ്പോഴും അവ്യക്തമാണ്. അതേസമയം, സമാന്തരടെലിഫോണ്‍ എക്സ്ചേഞ്ചിന്റെ ഓഫീസില്‍നിന്നു ചില നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിരുന്നു. വിദേശബന്ധത്തിലേക്കുള്ള സൂചനകളാണ് ഇവിടെ നിന്നും ലഭിച്ചത്.
സാന്പത്തികം അന്വേഷിക്കും
സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചിന് പിന്നിലുള്ളവരുടെ സാമ്പത്തിക സ്രോതസുകള്‍ സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്. 10 വര്‍ഷമായുള്ള ഇവരുടെ സാമ്പത്തിക വളര്‍ച്ച സംബന്ധിച്ച് കേന്ദ്രഏജന്‍സികള്‍ക്ക് ചില സംശയങ്ങളുണ്ട്.
സമാന്തരടെലിഫോണ്‍ എ്ക്സ്ചേഞ്ച് വഴിയുള്ള സാമ്പത്തിക നേട്ടം സംബന്ധിച്ചാണ് പ്രധാനമായും അന്വേഷിക്കുന്നത്. കൂടാതെ റിയല്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ടുളള പ്രവര്‍ത്തനങ്ങളും അന്വേഷിച്ചുവരികയാണ്.
ഒളിവിലുള്ള ഷബീറിന്റെ മൊബൈല്‍ ഫോണില്‍ നിന്നുള്ള കോള്‍ കഴിഞ്ഞ ദിവസം കോഴിക്കോട് നഗരത്തിലെ ടവറില്‍ രേഖപ്പെടുത്തിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയെങ്കിലും ഷബീറിന്റെ ഫോണ്‍ മറ്റൊരാളാണ് ഉപയോഗിക്കുന്നതെന്നു കണ്ടെത്തി.
അതേസമയം, കേസില്‍ റിമാന്‍ഡിലായ പ്രതി കൊളത്തറ ശാരദാമന്ദിരം സ്വദേശി ജുറൈസുമായി സിബ്രാഞ്ചിന്റെ (ജില്ലാ ക്രൈംബ്രാഞ്ച് ) തെളിവെടുപ്പ് പൂര്‍ത്തിയാക്കി. കസ്റ്റഡി കാലാവധി അവസാനിച്ചതോടെ പ്രതിയെ തിങ്കളാഴ്ച അന്വേഷണസംഘം കോടതിയില്‍ ഹാജരാക്കി.