കെ.ഷിന്റുലാല്‍
കോഴിക്കോട്: ആഭ്യന്തരസുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്ന സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചില്‍ കോടികളുടെ നിക്ഷേപം..! കേസിലെ പ്രതിയും മലയാളിയുമായ സൂത്രധാരന്‍ 10 കോടിയിലേറെ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചില്‍ നിക്ഷേപിച്ചെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്.
സാമ്പത്തിക ശേഷി കുറഞ്ഞ കുടുംബത്തിലുള്ള സൂത്രധാരനായ പ്രതിക്ക് ഇത്രയും തുക നിക്ഷേപിക്കാന്‍ എവിടെനിന്ന് ലഭിച്ചുവെന്നതില്‍ ചില സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. വരും ദിവസങ്ങളില്‍ ഇക്കാര്യത്തില്‍ വ്യക്തത വരുമെന്നാണ് അന്വേഷണസംഘം പറയുന്നത്.
ആഭ്യന്തരസുരക്ഷയെ ബാധിക്കുന്ന സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചില്‍ മലയാളികളായ ചിലര്‍ കോടികള്‍ നിക്ഷേപിച്ചതായാണ് വിവരം. കോഴിക്കോട്, മലപ്പുറം, കൊച്ചി ജില്ലകളിലുള്പ്പെടെയുള്ളവര് വന്‍ തുക നിക്ഷേപിച്ചിട്ടുണ്ട്. ഇവരുടെ അക്കൗണ്ടുകളിലേക്ക് ലക്ഷങ്ങള്‍ തിരികെ എത്തിയതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
നിക്ഷേപിച്ചവരുടെ മുഴുവന്‍ വിവരങ്ങളും അന്വേഷണസംഘം ശേഖരിച്ചുവരികയാണ്. ഇവരുടെ ബാങ്ക് അക്കൗണ്ടുകളും ശേഖരിച്ചിട്ടുണ്ട്.
ദുരൂഹതകള്‍ ബാക്കി
വിദേശത്തേക്കുള്ള കോളുകള്‍ ചെയ്യാനും മറ്റുമായി വാട്സ് ആപ്പ് പോലുള്ള സൗകര്യങ്ങളുള്ളപ്പോള്‍ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചിന്റെ പ്രസക്തിയാണ് അന്വേഷണസംഘത്തെ കൂടുതല്‍ ആഴങ്ങളിലേക്ക് നയിക്കുന്നത്. അന്വേഷണത്തിന്റെ ഓരോ ഘട്ടത്തിലും നിര്‍ണായകമായ തെളിവുകളാണ് അന്വേഷണസംഘത്തിന് മുന്നിലെത്തുന്നത്.
ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് നിക്ഷേപിച്ചവരുടെ കണക്കുകള്‍. വിവിധയിടങ്ങളിലുള്ളവര്‍ വന്‍ തുകകളാണ് സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് നടത്തിപ്പിന് നിക്ഷേപിച്ചത്. കൂടുതല്‍ ലാഭം കിട്ടുമെന്നതിനാലാവണം ഇത്തരത്തില്‍ വന്‍ തുക നിക്ഷേപിച്ചത്.
സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചിന് കോടികള്‍ ലാഭമായി ലഭിച്ചാല്‍ മാത്രമേ നിക്ഷേപകര്‍ക്ക് പണം നല്കാന് സാധിക്കുകയുള്ളൂ . ഇതെല്ലാം സുഗമമായി നടക്കുന്നുമുണ്ട്. ഈ സാഹചര്യത്തില്‍ ആരാണ് സമാന്തര ടെലിഫോണ്‍ സംവിധാനത്തെ ആശ്രയിക്കുന്നത് ?
ടെലികോം സംവിധാനം കുറഞ്ഞ ചെലവില്‍ സൗകര്യങ്ങള്‍ ലഭ്യമാക്കുമ്പോഴും അനധികൃതമായുള്ള ഇത്തരം സംവിധാനത്തെ ഉപയോഗിക്കാന്‍ കാരണമെന്ത് ? ഇപ്രകാരം പണം ചെലവഴിക്കുന്ന നിക്ഷേപകര്‍ക്കും സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചിനെ ആശ്രയിക്കുന്നവര്ക്കുമുള്ള വരുമാനം എവിടെ നിന്ന് ? എന്നീ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് അന്വേഷണസംഘം തേടുന്നത്.
രാഷ്ട്രീയ പാര്‍ട്ടിയിലേക്ക് അന്വേഷണം
സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചിന് പിന്നിലുള്ളവരില്‍ പലര്‍ക്കും ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായുള്ള ബന്ധം അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
നിക്ഷേപിച്ചവര്‍ക്ക് ഫണ്ട് നല്‍കിയതിന് പിന്നിലും ഈ പാര്‍ട്ടിയുടെ ബന്ധം സംബന്ധിച്ച് ചില സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. പ്രതികള്‍ക്ക് നിയമസഹായം വരെ ഈ സംഘടന നല്‍കുന്നതായും അന്വേഷണസംഘത്തിന് വിവരം ലഭിച്ചു.