കുളത്തൂപ്പുഴ: സുരക്ഷാ മേഖയിലാണെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയ ടെലഫോണ്‍ പില്ലര്‍ മലയോര ഹൈവേ നിര്‍മാണത്തിന്റെ മറവില്‍ രാത്രിയില്‍ തകര്‍ത്തു. ഇന്റര്‍നെറ്റ് സംവിധാനമടക്കം പ്രദേശത്തെ നൂറുകണക്കിന് ടെലിഫോണുകള്‍ നിശ്ചലാമായി. കഴിഞ്ഞ ദിവസം രാത്രിയിലാണ് കുളത്തൂപ്പുഴ കല്ലുവെട്ടാംകുഴിക്ക് സമീപത്തായുള്ള ബിഎസ്. എന്‍.എല്‍. വക ടെലഫോണ്‍ പില്ലര്‍ എസ്കവേറ്റര്‍ ഉപയോഗിച്ച് റോഡ് നിര്‍മാണ തൊഴിലാളികള്‍ തകര്‍ത്തത്.
സമീപത്തുണ്ടായിരുന്ന വൃക്ഷം നീക്കം ചെയ്യുന്നതിനിടെ ടെലഫോണ്‍ പില്ലര്‍ ബോക്സ് എസ്കവേറ്റര്‍ തട്ടി തകര്‍ന്നതെന്നാണ് ഹൈവേ നിര്‍മാണം കരാറെടുത്തിരിക്കുന്നവര് പറയുന്നത്. എന്നാല്‍ കുളത്തൂപ്പുഴ മുതല്‍ ചോഴിയക്കോട് പ്രദേശം വരെയുള്ള നൂറു കണക്കിനു ടെലഫോണ്‍ കണക്ഷനുകളാണ് ഇതോടെ നിശബ്ദമായത്. ബ്രോഡ് ബാന്‍ഡ് അടക്കമുള്ള സേവനങ്ങള്‍ ലഭിക്കാതെയായതോടെ പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളും സ്വകാര്യ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചു.
പൊതു പരീക്ഷ നടക്കുന്ന കുളത്തൂപ്പുഴ ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അടക്കം ഇന്റര്‍നെറ്റ് സേവനം തടസപ്പെട്ടു. ഹാള്‍ ടിക്കറ്റ് നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് എസ്. എസ്. എല്‍. സി. പരീക്ഷയെഴുതുന്നതിനു ഡ്യൂപ്ലിക്കേറ്റ് ഹാള്‍ടിക്കറ്റിനായി എത്തിയ വിദ്യാര്‍ഥിനിക്ക് ബ്രോഡ് ബാന്‍ഡ് തടസത്തെ തുടര്‍ന്ന് സമയത്ത് ഹാള്‍ടിക്കറ്റ് നല്കാന് അധികൃതര്‍ക്ക് സ്കൂളിനു പുറത്തുള്ള സൗകര്യം തേടി പോകേണ്ടതായി വന്നു.
ഹൈവേ അതോറിറ്റിയും ബിഎസ്. എന്‍. എല്‍ അധികൃതരും സ്ഥല പരിശോധന നടത്തി ടെലിഫോണ്‍ പില്ലര്‍ സുരക്ഷാമേഖലയിലാണെന്നും നീക്കേണ്ടതില്ലെന്നും കണ്ടെത്തി അടയാളമിട്ട് പോയതിനു പിന്നാലെയാണ് തൊഴിലാളികള്‍ പില്ലര്‍ തകര്‍ത്തത്. മലയോര ഹൈവേ റോഡു പണി ആരംഭിച്ചതു മുതല്‍ കുടിവെള്ള തടസ്സം, ടെലഫോണ്‍ ബന്ധം നഷ്ടപ്പെടുക തുടങ്ങിയത് നിത്യസംഭവമായി മാറുകയാണ്.
ഏകദേശം ലക്ഷത്തോളം രൂപ നഷ്ടമുള്ളതായി വിലയിരുത്തിയ ബി. എസ്. എന്‍.എല്‍. അധികൃതര്‍ സംഭവം സംബന്ധിച്ച് കുളത്തൂപ്പുഴ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. തകരാര്‍ സംഭവിച്ച പില്ലര്‍ മാറ്റി സ്ഥാപിക്കണമെങ്കില്‍ ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി ആവശ്യമായതിനാല്‍ കേസ് സംബന്ധിച്ച വിവരങ്ങള്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നല്കി ഉത്തരവിനായി കാത്തിരിക്കുകയാണ് അധികൃതര്‍. അതേ സമയം ടെലഫോണ്‍ പില്ലര്‍ തകര്‍ത്തതിന്റെ നഷ്ടപരിഹാരം ഈടാക്കിയ ശേഷമേ അറ്റകുറ്റ പണികള്‍ ആരംഭിക്കാന്‍ കഴിയുകയുള്ളൂവെന്നാണ് ബി. എസ്. എന്‍. എല്‍. അധികൃതര്‍ പറയുന്നത്.