നാദാപുരം: പരീക്ഷക്കുള്ള ദിവസങ്ങള്‍ അടുത്തുവന്നതോടെ വീട്ടില്‍ മക്കള്‍ക്ക് വിദ്യാഭ്യാസത്തിന് തടസമാകുന്ന ടിവി ഓണ്‍ ചെയ്യില്ലെന്നും മൊബൈല്‍ കുട്ടികള്‍ക്ക് നല്കില്ലന്നും രക്ഷിതാക്കള്‍ ഒന്നിച്ച് ചേര്‍ന്ന് പ്രതിജ്ഞ ചെയ്തു. ഉമ്മത്തൂര്‍ എസ്.ഐ ഹയര്‍ സെക്കണ്ടറി എസ്.പി.സി യൂണിറ്റിന്റെ ക്രിസ്തുമസ് ക്യാമ്പിന്റെ സമാപനത്തിലാണ് മുഴുവന്‍ കാഡറ്റുകളുടേയും രക്ഷിതാക്കള്‍ ഒന്നിച്ച് ചേര്‍ന്ന് ഹെഡ്മാസ്റ്റര് കെ.കെ. ഉസ്മാന് മാസ്റ്ററുടേയും ജില്ലാ എസ്പിസി ജില്ലാ നോഡല്‍ ഓഫീസറും ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈഎസ്പി ജെയ്സണ്‍ കെ ഏബ്രഹാമിന്റേയും സാന്നിദ്ധ്യത്തില്‍ സ്വന്തം കുട്ടികളുടെ ഭാവിക്കായ് ശക്തമായ തീരുമാനമെടുത്തത്.
സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കാഡറ്റുകള്‍ നടത്തിയ സര്‍വ്വേയിലാണ് ഭൂരിഭാഗം വീടുകളിലും ടി.വി പ്രവര്‍ത്തിപ്പിക്കുന്നുണ്ടെന്നും കുട്ടികള്‍ മൊബൈല്‍ ഉപയോഗിക്കുന്നതായും കണ്ടെത്തിയത്. പി ടി എ അംഗം പാഴങ്ങാടി അബ്ദുറഹിമാന് പ്രതിജ്ഞ ചെല്ലിക്കൊടുത്തു. ‘മാറിയ സാഹചര്യത്തിലെ വെല്ലുവിളികളെ നേരിടുന്നതിന് കുട്ടികളെ സജ്ജരാക്കുന്നതില്‍ രക്ഷിതാക്കളുടെ ഉത്തരവാദിത്വം’ എന്ന വിഷയത്തെ ആസ്പദമാക്കി ജെയ്സണ്‍ എബ്രഹാം ക്ലാസ്സ് നല്കി. ഹെഡ്മാസ്റ്റര് കെ.കെ. ഉസ്മാന് അദ്ധ്യക്ഷനായി. കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍ പി.പി. അബ്ദുല്‍ ഹമീദ് ,ടി.കെ. ഖാലിദ് , കെ.രജ്ഞിനി , സിവില്‍ പോലീസ് ഓഫീസര്‍മാരായ അനില്‍കുമാര്‍ , ദീപ എന്നിവര്‍ സംസാരിച്ചു.