‘അമ്മ’യുടെ വിലക്കില്‍ വിറങ്ങലിക്കാതെ മലയാള ചാനലുകള്‍! താരങ്ങളില്ലായിരുന്നെങ്കിലും ചാനലുകളിലെ ഓണപരിപാടികള്‍ കാണാന്‍ റെക്കോര്‍ഡ് പ്രേക്ഷകരെന്ന് റിപ്പോര്‍ട്ട്

നടി ആക്രമിക്കപ്പെട്ട കേസില്‍ സഹപ്രവര്‍ത്തകന്‍ കൂടിയായ ദിലീപ് അറസ്റ്റിലായതോടെ താര സംഘടന അമ്മയുടെ നിര്‍ദേശപ്രകാരം നടീനടന്മാര്‍ ചേര്‍ന്ന് ഓണദിനങ്ങളില്‍ ചാനല്‍ പരിപാടികള്‍ ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചിരുന്നു. അമ്മയുടെ വാര്‍ഷിക പൊതുയോഗത്തില്‍ മാധ്യമങ്ങളും താരങ്ങളും തമ്മിലുണ്ടായ തര്‍ക്കവും താരസംഘടനയെ ഇങ്ങനെയൊരു തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചു എന്നു വേണം കരുതാന്‍. ഈ വിഷയത്തില്‍ നിരവധി ചര്‍ച്ചകളും നടന്നു. എന്നാല്‍ താരങ്ങളുടെ തീരുമാനം ടെലിവിഷന്‍ റേറ്റിംഗിനെ ബാധിച്ചില്ല എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

മുന്‍വര്‍ഷത്തില്‍ ചാനലുകള്‍ ഓണ പരിപാടികളില്‍ താരങ്ങളെ പങ്കെടുപ്പിച്ചതിനേക്കാള്‍ കൂടുതല്‍ പ്രേക്ഷകരെ ഇത്തവണ നേടിയെന്നാണ് റിപ്പോര്‍ട്ട്. ഒരു പത്രമാധ്യമമാണ് ഇക്കാര്യം പുറത്തുവിട്ടത്. താരങ്ങള്‍ക്കപ്പുറത്ത് മലയാളികളെ വിസ്മയിപ്പിക്കുന്ന നിത്യ ജീവിതത്തിലെ മറ്റ് താരങ്ങളെ പങ്കെടുപ്പിച്ചാണ് ഈ വിലക്ക് ചാനലുകള്‍ മറികടന്നത്. മറ്റ് കഴിവുകളാല്‍ വിസ്മയിപ്പിച്ചവര്‍, രാഷ്ട്രീയത്തിലെ താരോദയങ്ങള്‍, ഐഎഎസ് യുവത, ട്രോളന്‍മാര്‍ എന്നിവരെ പങ്കെടുപ്പിച്ചാണ് ചാനലുകള്‍ വിലക്കിനെ മറികടന്നത്. ഒരു താരത്തെ പങ്കെടുപ്പിച്ച് ലഭിക്കുന്നതിനേക്കാള്‍ മികച്ച ടിആര്‍പിയാണ് ഐഎഎസ് യുവത, വനിതാ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍മാര്‍, ട്രോളന്‍മാര്‍ എന്നിവരെ പങ്കെടുപ്പിച്ചപ്പോള്‍ ലഭിച്ചതെന്ന് ഒരു ചാനല്‍ സ്രോതസ്സ് വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. വെള്ളിത്തിരയില്‍ നിന്നും പുതിയ വിസ്മയങ്ങളിലേക്ക് സമൂഹം നീങ്ങുകയാണെന്നതിനുള്ള തെളിവുകൂടിയാണിതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

 

Related posts