ഹൈദരാബാദ്: “ചൈതന്യ രഥം’ നിരത്തിലിറക്കി ആന്ധ്രാ രാഷ്ട്രീയത്തെ വരുതിയിലാക്കിയ എൻ.ടി. രാമറാവുവിന്റെ സ്മരണകൾ ഉയർത്തി തെലുങ്കാനയിൽ പുതിയ രാഷ്ട്രീയ നീക്കങ്ങൾ ഉടലെടുക്കുന്നു.
തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിനെതിരെ പരസ്യ പോരാട്ടം പ്രഖ്യാപിച്ച വൈഎസ്ആർ തെലുങ്കാന പാർട്ടി നേതാവ് വൈ. എസ്. ശർമിളയെ കാറിൽ “അകപ്പെടുത്തി’ ഇംപൗണ്ട് വാൻ ഉപയോഗിച്ച് കെട്ടിവലിച്ചത് സംസ്ഥാന രാഷ്ട്രീയത്തിൽ വൻ ഞെട്ടലുണ്ടാക്കി.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ പ്രഗതി ഭവനിലേക്ക് നടത്തിയ മാർച്ചിനിടെയാണ് സംഭവം നടന്നത്.
മാർച്ചിൽ പങ്കെടുക്കാനായി പ്രദേശത്തേക്ക് കാറോടിച്ച് എത്തിയ ശർമിളയെ പോലീസ് തടഞ്ഞു.
കാറിന്റെ വാതിൽ ബലം ഉപയോഗിച്ച് തുറക്കാൻ ശ്രമിച്ചതോടെ ശർമിള കാറിനുള്ളിൽ തന്നെ ഇരിപ്പുറപ്പിച്ചു.
തുടർന്ന് വാഹനത്തിന്റെ ചില്ല് തകർക്കാനുള്ള ശ്രമവും പരാജയപ്പെട്ടതോടെ പോലീസ് ഇംപൗണ്ട് വാൻ എത്തിക്കുകയായിരുന്നു.
ശർമിള കാറിനുള്ളിൽ ഇരിക്കെ വാഹനം കെട്ടിവലിച്ച് കൊണ്ടുപോയ നടപടിക്കെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്.
കോൺഗ്രസിനെയും ബിജെപിയെയും മറികടന്ന് തെലുങ്കാനയിലെ മുഖ്യ പ്രതിപക്ഷമാകാൻ ശ്രമിക്കുന്ന ശർമിളയുടെ പാർട്ടിയെ സംസ്ഥാനത്ത് അടയാളപ്പെടുത്തുന്ന സംഭവമാണിതെന്ന് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെട്ടു.
സഹോദരനും ആന്ധ്ര പ്രദേശ് മുഖ്യമന്ത്രിയുമായ വൈ.എസ്. ജഗൻമോഹൻ റെഡ്ഡിയുമായി “പിരിഞ്ഞ’ ശേഷം തെലുങ്കാന രാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിഞ്ഞ ഒരു വർഷമായി ശ്രമിക്കുകയാണ് ശർമിള.