വെമ്പായം: ക്ഷേത്ര കിണറ്റിൽ നിന്നും കമ്പിപ്പാരയും വെട്ടുകത്തിയും കണ്ടെടുത്തു. മോഷ്ടാക്കൾ ഉപേക്ഷിച്ചതാകാമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
പിരപ്പൻകോട് അണ്ണൽ ദേവീക്ഷേത്രാങ്കണത്തിലെ കിണറ്റിൽ നിന്നുമാണ് ആയുധങ്ങൾ കണ്ടെടുത്തത്. ഇന്ന് മുതൽ ആരംഭിക്കുന്ന കുംഭ പുണർത മഹോത്സവത്തിന്റെ ഭാഗമായി ഇന്നലെ കിണർ വൃത്തിയാക്കുമ്പോഴാണ് തൊഴിലാളികൾ കിണറ്റിനുള്ളിൽ നിന്നും ആയുധങ്ങൾ കണ്ടെത്തിയത്.
വിവരം അറിയിച്ചതിനെ തുടർന്ന് വെഞ്ഞാറമൂട് പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി. പ്രദേശത്തെ ക്ഷേത്രങ്ങളായ അണ്ണൽ ദേവീക്ഷേത്രം ,പിരപ്പൻകോട് മുത്താരമ്മൻ കോവിൽ, തിരുനെല്ലൂർക്കോണം ശിവക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിൽകഴിഞ്ഞ സെപ്റ്റംബർ ഏഴിന് പുലർച്ചെ മോഷണ ശ്രമം നടന്നിരുന്നു.
ഇവിടെ നടത്തിയ മോഷണ ശ്രമങ്ങൾക്കുശേഷം ആയുധങ്ങൾ കിണറ്റിൽ ഉപേക്ഷിച്ചതാകാമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. കൂടുതൽ പരിശോധകൾക്കായി ആയുധങ്ങൾ സ്റ്റേഷനിലേയ്ക്ക് മാറ്റി.