കോട്ടയം: കത്തുന്ന പകല്ച്ചൂടില് മൃഗങ്ങള്‍ക്കും വേണം കരുതല്‍. അരുമ മൃഗങ്ങള്‍ക്കൊപ്പം പശുക്കള്‍ക്കും വേനല്‍ക്കാല പരിചരണം ആവശ്യമാണ്.
കനത്ത ചൂട് പശുക്കളുടെ പാലുത്പാദനം മാത്രമല്ല പാലിലെ കൊഴുപ്പ്, പ്രോട്ടീന്‍ എന്നിവ കുറയാനും കാരണമാകും. വേനല്‍ പശുക്കളുടെ പ്രത്യുത്പാദനത്തെയും ബാധിക്കും.
എരുമകള്‍ക്ക്
എരുമകള്‍ക്ക് വിയര്‍പ്പ് ഗ്രന്ഥികള്‍ കുറവായതിനാല്‍ കൂടുതല്‍ ശ്രദ്ധിക്കണം. വെള്ളം നിറച്ച് മുങ്ങിക്കിടക്കാന്‍ പാകത്തിലുള്ള സൗകര്യം ഒരുക്കണം.
പന്നികള്‍
കേരളത്തില്‍ താരതമ്യേന കൂടുതലുള്ളത് വിദേശയിനം ക്രോസ് ബ്രീഡ് പന്നികളാണ്. ഇത്തരം പന്നികള്‍ക്ക് ചൂട് താങ്ങാന്‍ ബുദ്ധിമുട്ടാണ് എപ്പോഴും ശുദ്ധമായ കുടിവെള്ളം നല്‍കുന്നതും നന കൊടുക്കാനും ശ്രദ്ധിക്കണം. പ്രോ ബയോട്ടിക്സ്, ധാതുലവണ മിശ്രിതം ചൂട് കാലത്ത് അവശ്യമാണ്. ഇവ ഡോക്ടറുടെ നിര്‍ദേശ പ്രകാരം നല്‍കണം.
വളര്‍ത്തു പക്ഷികള്‍
വളര്‍ത്തു പക്ഷികള്‍ക്ക് തണുത്ത വെള്ളം കുടിക്കാനായി നല്‍കണം. വൈറ്റമിന്‍ സി, ഇലക്ട്രോലൈറ്റ്സ് പ്രോബയോട്ടിക്സ് എന്നിവ കുടിവെള്ളത്തില്‍ കൂടി നല്‍കുന്നത് ചൂടിനെ പ്രതിരോധിക്കാന്‍ സഹായിക്കും. മേല്‍ക്കൂരക്ക് മുകളില്‍ ചാക്ക് നനച്ചിടണം.
അരുമ മൃഗങ്ങള്‍
വിദേശ ഇനം നായ്ക്കള്‍, പൂച്ചകള്‍, കിളികള്‍ എന്നിവയെ യാത്ര ചെയ്യിക്കുമ്പോള്‍ വളരെ അധികം ശ്രദ്ധിക്കണം. യാത്രകള്‍ രാവിലെയും വൈകുന്നേരവുമായി പരിമിതപ്പെടുത്തണം. തീറ്റ രാവിലെയും വൈകുന്നേരവും അന്തരീക്ഷ ഊഷ്മാവ് കുറഞ്ഞ സമയങ്ങളിലാക്കി ക്രമപ്പെടുത്തണം.
കുടിക്കാനുള്ള ശുദ്ധമായ വെള്ളം എപ്പോഴും കൂട്ടില്‍ വയ്ക്കണം. കിളികള്‍ക്ക് കുളിക്കാനുള്ള വെള്ളവും ക്രമീകരിക്കണം. നിര്‍ജലീകരണം പ്രതിരോധശേഷി കുറക്കുന്നത് മൂലം മറ്റ് അസുഖങ്ങള്‍ പിടിപെടാനുള്ള സാധ്യതയുമുണ്ട്. നനഞ്ഞ ടവല്‍ കൊണ്ട് തുടക്കുന്നതും പൊതിയുന്നതും ചൂട് കുറക്കും.
സൂര്യാഘാതത്തിന്റെ ലക്ഷണങ്ങള്‍
മൃഗങ്ങളില്‍ സൂര്യക്ഷാതത്തിന്റെ ലക്ഷണങ്ങളായി ശാരീരിക അസ്വസ്ഥത, കിതപ്പ്, തളര്‍ച്ച, ഭക്ഷണത്തിനോടു മടുപ്പ്, ഉയര്‍ന്ന ഹൃദയമിടിപ്പ്, പനി, വായില്‍നിന്ന് നുരയും പതയും വരിക, നാക്ക് പുറത്തേക്ക് തള്ളിവിടുക, പൊള്ളിയ പാടുകള്‍ എന്നിവ ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍തന്നെ ചികിത്സ തേടണം.
മൃഗസംരക്ഷണ വകുപ്പ് നല്കുന്ന നിര്‍ദേശങ്ങള്‍
=മേല്‍ക്കൂരയ്ക്ക് മുകളില്‍ പച്ചക്കറി പന്തല്‍, സ്പ്രിംഗ്ളര്‍, നനച്ച ചാക്കിടുക എന്നിവ ഒരു പരിധിവരെ തൊഴുത്തിനുള്ളിലെ അന്തരീക്ഷ ഊഷ്മാവ് കുറയ്ക്കാന്‍ സഹായിക്കും.
=പ്ലാസ്റ്റിക് ഷീറ്റുകള്‍ കൊണ്ട് മേഞ്ഞ തൊഴുത്തുകളില്‍ സാധാരണ കോണ്‍ക്രീറ്റ് തൊഴുത്തുകളേക്കാള്‍ ചൂട് കൂടുതലായിരിക്കും. ഇത്തരം തൊഴുത്തുകള്‍ക്ക് മുകളില്‍ ഓല, പച്ചപ്പുല്ല് എന്നിവ വിരിക്കണം.
=നേരിട്ട് പശുക്കളുടെ ശരീരത്തില്‍ വെള്ളമൊഴിക്കുന്നതിനെക്കാള് ഉത്തമം മേല്‍ക്കൂരക്ക് മുകളില്‍ തുള്ളി നന നല്‍കുന്നതാണ്.
=തൊഴുത്തില്‍ ഫാന്‍ (സീലിംഗ് ഫാനുകളെക്കാള്‍ നല്ലത് വശങ്ങളില്‍നിന്നുമുള്ള ഫാനുകളാണ്) വച്ചുകൊടുക്കുക.
=രാവിലെ ഒന്‍പതു മുതല്‍ അഞ്ചു വരെ പൊള്ളുന്ന വെയിലില്‍ തുറസായ സ്ഥലത്ത് നാല്‍ക്കാലികളെ കെട്ടുന്നത് ഒഴിവാക്കണം.
=ശുദ്ധമായ കുടിവെള്ളം എപ്പോഴും നൽകണം.
=പരമാവധി പച്ചപ്പുല്ല് ലഭ്യമാക്കണം.
=കാലിത്തീറ്റ രാവിലെയും വൈകുന്നേരവുമായി പരിമിതപ്പെടുത്തുന്നത് ശരീര ഊഷ്മാവ് കുറയ്ക്കാന്‍ സഹായിക്കും.
=ധാതുലവണ മിശ്രിതം, പ്രോ ബയോട്ടിക്സ്, ഇലക്ട്രോലൈറ്റ്സ് എന്നിവ ഡോക്ടറുടെ നിര്‍ദേശപ്രകാരം തീറ്റയില്‍ ഉള്‍പ്പെടുത്തണം.
=പശുക്കളെ വില്‍ക്കുന്ന, കൈമാറ്റം ചെയ്യുന്ന സാഹചര്യത്തില്‍ യാത്രകള്‍ രാവിലെയും വൈകുന്നേരവുമായി പരിമിതപ്പെടുത്തണം.
വിവരങ്ങള്‍ക്ക് കടപ്പാട്:
ഡോ. ഫിറോസ്
വെറ്ററിനറി സര്ജന്
വെറ്ററിനറി ആശുപത്രി വൈക്കം