അമ്പലപ്പുഴ: കനത്ത ചൂടും മത്സ്യ ക്ഷാമവും മത്തിയുടെ വളർച്ച മുരടിച്ചതും മൂലം ജില്ലയുടെ തീരം പട്ടിണിയിൽ. കഴിഞ്ഞ ആറുമാസമായി കിട്ടുന്ന മത്തിക്ക് വളർച്ചയും മാംസവും ഇല്ലാത്തതുമൂലം ഇവയ്ക്കു ആവശ്യക്കാരുമില്ലാതായി.കടലിലെ മഴയുടെ അഭാവവും തണുത്ത പോള വെള്ളവും ഇല്ലാത്തതാണ് മത്തിക്ക് വളർച്ച മുരടിക്കാൻ കാരണമെന്നാണ് വിദഗ്ധർ പറയുന്നത്.
ആറാട്ടുപുഴ മുതൽ പള്ളിത്തോട് വരെ ജില്ലയുടെ കടലോരത്തുനിന്ന് ചെറുതും വലുതുമായ നൂറുകണക്കിനു മത്സ്യബന്ധന യാനങ്ങളാണ് ദിനംപ്രതി കടലിൽ ഇറക്കിയിരുന്നത്. എന്നാൽ, ഇതിൽ ഭൂരിഭാഗവും ഇന്ന് കരയിൽ സ്ഥാനം പിടിച്ചിരിക്കുകയാണ്. ആവശ്യക്കാർ കൂടുതലുള്ള അയല, ചെമ്മീൻ, വലിയ മത്തി, കൊഴുവ, കണവ ഇവയൊന്നും പരമ്പരാഗത വള്ളങ്ങൾക്കു കിട്ടാതിരുന്നിട്ടു മാസങ്ങളായി.
പുന്നപ്ര, അമ്പലപ്പുഴ, വാടയ്ക്കൽ, വട്ടയാൽ, തുമ്പോളി, ചെത്തി, അർത്തുങ്കൽ, തൈക്കൽ, ഒറ്റമശേരി ഭാഗങ്ങളിൽനിന്ന് പോകുന്ന പൊന്തുവലക്കാർക്ക് മാത്രമാണ് തീരത്തോട് അടുക്കുന്ന മത്തി ലഭിക്കുന്നത്. ഇവയാകട്ടെ കിലോയ്ക്കു 20നും 30നും ഇടയിൽ വിലവച്ചു വളത്തിന് പൊടിക്കാനാണ് മൊത്തക്കച്ചവടക്കാർ എടുക്കുന്നത്. വില ലഭിക്കാത്തതുമൂലം രാവന്തിയോളം കടലിലെ അധ്വാനം മാത്രം മിച്ചമെന്നാണ് പൊന്തുവലക്കാരും പറയുന്നത്.
ഇതരസംസ്ഥാനത്തുനിന്നുള്ള മുന്തിയ ഇനം മത്സ്യങ്ങൾ വിപണിയിൽ സുലഭമായി എത്തുന്നതുമൂലം പൊന്തുകാർ വലകുടഞ്ഞു വഴിയോരത്തു വിറ്റിരുന്നതിനും ആവശ്യക്കാർ ഇല്ലാതായി. തീരദേശം പ്രതിസന്ധിയിലായതോടെ വള്ളങ്ങളെ ആശ്രയിച്ചു ജീവിച്ചിരുന്ന ചുമട്ടുതൊഴിലാളികൾ, കോരുകാർ, ഐസ് പൊട്ടിക്കൽ തൊഴിലാളികൾ, തുടങ്ങിയവരും ദുരിതത്തിലായി. തോട്ടപ്പള്ളി അടക്കമുള്ള ഹാർബറുകളുടെയും താത്കാലിക കടകളുടെ പ്രവർത്തനവും നിലച്ചു.