കോഴിക്കോട്: ഡല്‍ഹിയിൽ പരിശീലനത്തിനിടെ കടുത്ത ചൂടില്‍ മലയാളി പോലീസുകാരന് സൂര്യാഘാതമേറ്റു മരിച്ചു. ഉത്തംനഗർ ഹസ്ത്സാലിൽ താമസിക്കുന്ന കോഴിക്കോട് വടകര ചോറോട് മാങ്ങാട്ടുപാറസ്വദേശി കെ. ബിനേഷ് (50) ആണ് മരിച്ചത്. ഡൽഹി പോലീസിൽ അസി.
സബ് ഇൻസ്പെക്ടറാണ്. വസീറാബാദ് പോലീസ് ട്രെയിനിംഗ് സെന്ററിൽ നടക്കുന്ന പ്രത്യേക പരിശീലനത്തിനിടെയാണ് ബിനേഷിന് സൂര്യാഘാതമേറ്റത്.
പരിശീലനത്തിനുള്ള 1400 അംഗ പോലീസ് സംഘത്തിൽ ബിനേഷ് ഉൾപ്പെടെ 12 മലയാളികളാണുണ്ടായിരുന്നത്. ചൂടേറ്റു തളർന്നു തലകറങ്ങി വീണ ബിനേഷിനെ ആദ്യം അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. ആരോഗ്യസ്ഥിതി മോശമായതോടെ പശ്ചിംവിഹാർ ബാലാജി ആശുപത്രിയിലേക്കു മാറ്റി.
ഇവിടെ വച്ച് ഇന്നലെരാത്രിയായിരുന്നുമരണം. മൃതദേഹം ഇന്നു നാട്ടിലെത്തിക്കും. കനത്ത ചൂടു കാരണം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ഡൽഹിയിൽ ഉയർന്ന താപനില 49.9 ഡിഗ്രി സെൽഷ്യസ് വരെയെത്തി.