തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ചൂട് കടുക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശരാശരി താപനിലയേക്കാൾ രണ്ടു മുതൽ മൂന്നു ഡിഗ്രി സെൽഷ്യസ് ഉയർന്ന താപനില ഈ ദിവസങ്ങളിൽ അനുഭവപ്പെടാനാണു സാധ്യത.
വയനാട്, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.കൊല്ലം, പാലക്കാട് ജില്ലകളിൽ താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 37 ഡിഗ്രി വരെയും തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ 36 ഡിഗ്രി വരെയും ചൂട് അനുഭവപ്പെടും.
ഇവിടങ്ങളിലെ മലയോര പ്രദേശങ്ങൾ ഒഴികെയുള്ള മേഖലകളിൽ കടുത്ത ചൂടിനൊപ്പം അസുഖകരമായ കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ എല്ലാവരും ജാഗ്രത പാലിക്കണമെന്നു സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി അറിയിച്ചു.