തിരുവനന്തപുരം: കൊടും ചൂടിലുരുകുന്ന കേരളത്തെ തീച്ചൂളയിൽ മുക്കി ഉഷ്ണതരംഗം. പാലക്കാടിനു പിന്നാലെ തൃശൂരിലെ ചില സ്ഥലങ്ങളിലും ഇന്നലെ ഉഷ്ണതരംഗം അനുഭവപ്പെട്ടതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സ്ഥിരീകരിച്ചു.
പാലക്കാട് ജില്ലയിൽ തുടർച്ചയായ ആറാം ദിവസവും പകൽ താപനില 41 ഡിഗ്രി സെൽഷസിനു മുകളിൽതന്നെ തുടരുകയാണ്. ഇന്നലെ 41.3 ഡിഗ്രി സെൽഷസാണ് ജില്ലയിൽ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ താപനില. വ്യാഴാഴ്ച വരെ കേരളത്തിൽ കടുത്ത ചൂട് തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ഈ ദിവസങ്ങളിൽ പാലക്കാട് ജില്ലയിൽ കൂടിയ താപനില 41 ഡിഗ്രി സെൽഷസ് വരെയും കൊല്ലം, തൃശൂർ ജില്ലകലിൽ 40 ഡിഗ്രി വരെയും കോട്ടയം, പത്തനംതിട്ട, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 38 ഡിഗ്രി വരെയും ആലപ്പുഴ, എറണാകുളം, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ 37 ഡിഗ്രി വരെയും തിരുവനന്തപുരം ജില്ലയിൽ 36 ഡിഗ്രി വരെയും ഉയരാനാണ് സാധ്യത.
ഇവിടങ്ങളിലെ മലയോര മേഖലകൾ ഒഴികെയുള്ള പ്രദേശങ്ങളിൽ കടുത്ത ചൂടിനൊപ്പം അസുഖകരമായ കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ എല്ലാവരും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.