കുമരകം: മുൻ കാലങ്ങളെ അപേക്ഷിച്ച് വേനൽ അതികഠിനമായതിനാൽ കാർഷിക വിളകളെ സംരക്ഷിക്കാൻ കർഷകർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് കൃഷി വിജ്ഞാനകേന്ദ്രം അറിയിച്ചു. വിളകൾ സംരക്ഷിക്കുന്നതിനായി താഴെ പറയുന്ന മുൻകരുതലുകൾ സ്വീകരിക്കാം.
► ചൂടുകൂടിയ കാലാവസ്ഥയിൽ ആവശ്യാനുസരണം വൈകുന്നേരങ്ങളിൽ ജലസേചനം നൽകുക.
► മണ്ണിലെ ജലാംശം നഷ്ടപ്പെടാതിരിക്കാൻ ലഭ്യമായ ജൈവ വസ്തുക്കൾ ഉപയോഗിച്ച് പുതയിടുക.
► വിളകൾക്ക് സൂര്യാഘാതം ഏൽക്കാതിരിക്കാൻ തണൽ നൽകുക.
► ചൂടു കൂടിയ ഈ സാഹചര്യത്തിൽ മണ്ണ് അധികം ഇളക്കാതിരിക്കുക.
►വൃക്ഷങ്ങളിൽ സൂര്യാഘാതം ഏൽക്കാതിരിക്കാൻ കട മുതൽ കവര വരെ കുമ്മായം പൂശുക.
► തീ പടരാനുള്ള സാധ്യത ഉള്ളതിനാൽ കരിയില കത്തിക്കാതിരിക്കുക. പറമ്പിൽ ഫയർ ബൽറ്റ് കൊണ്ട് സംരക്ഷിക്കേണ്ടതാണ്.
► പച്ചക്കറി വിളകളിൽ നീരൂറ്റിക്കുടിക്കുന്ന കീടങ്ങളുടെ ആക്രമണം കൂടുന്നതായി കാണപ്പെടുന്നു. ഉദാഹരണത്തിന് മണ്ഡരി, ഇലപ്പേൻ, മുഞ്ഞ, വെള്ളീച്ച എന്നിവയുടെ വർധനവിനുള്ള സാഹചര്യം അനുകൂലമാണ്. ഈ സാഹചര്യത്തിൽ പച്ചക്കറി വിളകളിൽ വേപ്പധിഷ്ഠിത കീടനാശിനികളോ മറ്റ് ജൈവ കീടനാശിനികളോ തളിക്കാവുന്നതാണ്.
പകൽ സമയത്തെ ഉയർന്ന താപനിലയും പുലർച്ചെയുള്ള താഴ്ന്ന താപനിലയും നെല്ലിലെ മുഞ്ഞയുടെ വർധനവിന് കാരണമാകുന്നു. കൃഷിയിടം കൃത്യമായി നിരീക്ഷിക്കണം. കീടത്തിന്റെ രൂക്ഷമായ ആക്രമണം കണ്ടാൽ നിയന്ത്രണത്തിനായി വിദഗ്ധോപദേശം തേടാവുന്നതാണ്.
► വേനൽ പ്രതിരോധത്തിന് അസെറ്റൈൽ സാലിസിലിക് ആസിഡ് 18 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ പശയുമായി ചേർത്ത് മാസത്തിൽ ഒരിക്കൽ വാഴയിൽ തളിക്കുക.
► ജാതി, തെങ്ങ്, മറ്റു ഫല വൃക്ഷങ്ങൾ എന്നിവയുടെ തൈകൾ ചൂടിൽനിന്നും സംരക്ഷിക്കാനായി നെറ്റോ തെങ്ങോലയോ ഉപയോഗിച്ച് മറച്ചു കെട്ടുക.