തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ദിനത്തിലും സംസ്ഥാനത്ത് പകൽച്ചൂട് കത്തിക്കയറും. ഞായറാഴ്ച വരെ 12 ജില്ലകളിൽ പകൽ താപനില ക്രമാതീതമായി വർധിക്കാനിടയുണ്ടെന്നും വെള്ളിയാഴ്ച വരെ പാലക്കാട് ജില്ലയിൽ ഉഷ്ണതരംഗത്തിന് സാധ്യത നിലനിൽക്കുന്നതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
പാലക്കാട് ഇന്നലെയും റിക്കാർഡ് ചൂടാണ് അനുഭവപ്പെട്ടത്. 41.3 ഡിഗ്രി സെൽഷസ് ചൂടാണ് ഇന്നലെ പാലക്കാട്ട് രേഖപ്പെടുത്തിയത്. 12 ജില്ലകളിൽ യെല്ലോ അലർട്ട് രേഖപ്പെടുത്തിയത്. പാലക്കാട് ജില്ലയിൽ താപനില 41 ഡിഗ്രി സെൽഷസ് വരെയും കൊല്ലം ജില്ലയിൽ 39 ഡിഗ്രി വരെയും തൃശൂർ, കോഴിക്കോട് ജില്ലകളിൽ 38 ഡിഗ്രി വരെയും ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, കോട്ടയം, കണ്ണൂർ ജില്ലകളിൽ 37 ഡിഗ്രി വരെയും തിരുവനന്തപുരം, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ 36 ഡിഗ്രി വരെയും താപനില ഉയർന്നേക്കും.
ഇവിടങ്ങളിലെ മലയോര മേഖലകൾ ഒഴികെയുള്ള പ്രദേശങ്ങളിൽ കടുത്ത ചൂടിനൊപ്പം അസുഖകരമായ കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ എല്ലാവരും ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു.