കോന്നി: ചുട്ടുപൊള്ളുന്ന അന്തരീക്ഷത്തിലും ഈ വീട്ടിൽ ചൂട് അറിയില്ല. കോന്നി മങ്ങാരം വയലത്തല വീട്ടിൽ സലിലിനും കുടുംബത്തിനുമാണ് പ്രകൃതി ഒരുക്കിയ കവചം ആശ്വാസം ഏകിയത്. കേരളം വെന്ത് ഉരുകുമ്പോള്‍ ഈ വീടും പരിസരവും തികച്ചും പ്രകൃതിയുടെ തണലിലാണ്.
പ്രകൃതിയോട് ഇടപഴകിയ അന്തരീക്ഷമാണ് വലയത്തല വീടിനുള്ളത്. പ്രകൃതി സംരക്ഷണത്തിന് വേണ്ടി ഉഴിഞ്ഞുവച്ച ജീവിതമാണ് ഈ വീട്ടുടമ സലിൽ വയലത്തലയുടേത്. കോന്നി മങ്ങാരം മാർക്കറ്റ് റോഡിലാണ് വീട് സ്ഥിതി ചെയ്യുന്നത്.അന്‍പതിലേറെ വർഷങ്ങളുടെ പഴക്കമുള്ള വൻ വൃക്ഷങ്ങൾ ഉൾപ്പെടെ സലിലിന്റെ വീട്ടു പരിസരത്തുണ്ട്.
50ലധികം വൃക്ഷങ്ങളും കാട്ടുവള്ളികളും പടർന്നു കിടക്കുന്ന അടിക്കാടുകളും വീടിനു കുളിർമയേകുന്നു. വൃക്ഷങ്ങൾക്കു ചുവട്ടിലെ കരീലക്കൂട്ടങ്ങളും വൃക്ഷങ്ങളിൽ കൂടു കുട്ടിയിരിക്കുന്ന പക്ഷിക്കൂട്ടങ്ങളുമെല്ലാം ചേരുന്പോൾ ഒരു വന സൗന്ദര്യം ഈ വീടിനുണ്ട്. കാടിന്റെ മണവും ചീവിടിന്റെ ഒച്ചയുമെല്ലാം ചേർന്ന ഒരു അന്തരീക്ഷത്തിലാണ് സലിലിന്റെ വീട്.
സഹകരണ മേഖലയിൽനിന്നും വിരമിച്ച സലിലിനും ഒപ്പമുള്ള കുടുംബത്തിനും പ്രകൃതിയോട് ഇണങ്ങുന്ന ജീവിതമാണ് ഏറെ ഇഷ്ടം. ഈ കുടുംബം പൂര്‍ണമായും പ്രകൃതിയെ സ്നേഹിച്ചതിന്റെ ഫലം പ്രകൃതി തിരിച്ചു നല്‍കുന്നതും ഇവിടെ എത്തിയാൽ അനുഭവിച്ചറിയാം. കടുത്ത വേനലിലും ഈ വീട്ടിലും പറമ്പിലും സൂര്യകോപം ഇല്ല.
ശുദ്ധവായു, മണ്ണില്‍ സൂക്ഷ്മ ജീവികള്‍ വിഹരിക്കുന്ന കാഴ്ചകൾ, ഫല വൃക്ഷങ്ങൾ നിറയെ കായ ഫലം, അത് കഴിക്കാന്‍ പക്ഷികൾ കൂട്ടമായി എത്തുന്നതും മറ്റൊരു കാഴ്ച. തികച്ചും പ്രകൃതി സംരക്ഷണം ഉറപ്പു വരുത്തിയ ഈ വീട് കാണാനും നിരവധി പേരാണ് എത്തുന്നത്.കോന്നിയിൽ എത്തുന്ന വിദേശികൾ ഉൾപ്പെടെയുള്ള സഞ്ചാരികൾക്ക് വീടിന്റെ ഒരു ഭാഗം വിട്ടുനൽകി ടൂറിസം സാധ്യതകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള തയാറെടുപ്പിലാണ് സലിൽ വയലത്തല.
കോന്നി മങ്ങാരം മാർക്കറ്റ് റോഡിലാണ് വീട് സ്ഥിതി ചെയ്യുന്നത്. ചൈനാ ജംഗ്ഷനിൽ നിന്നും ഇവിടേക്ക് വേഗത്തിൽ എത്താവുന്നതാണ്.
ശാസ്ത്ര സാഹിത്യ പരിഷത്തിലൂടെ സാമൂഹ്യ പ്രവർത്തന രംഗത്ത് എത്തിയ സലിൽ വയലത്തല.കോന്നി പബ്ലിക് ലൈബ്രറി ഉൾപ്പെടെയുള്ള വിവിധങ്ങളായ സംഘടനകളുടെ അമരക്കാരൻ കൂടിയാണ്.
വഴിയരികിലും പൊതു സ്ഥലങ്ങളിലും പരമാവധി മരങ്ങൾ നട്ടുപിടിപ്പിക്കണമെന്നു പറയുന്ന സലിൽ ഇതിനു വേണ്ട പദ്ധതികൾ നടപ്പാക്കാനുള്ള തയാറെടുപ്പിലാണ്.