പാലക്കാട് : പകൽ താപനില ക്രമാതീതമായി ഉയരുന്നതിനാൽ സൂര്യാഘാതം ഏൽക്കുന്നതിനുളള സാധ്യത കണക്കിലെടുത്ത് നിർമാണമേഖലയിലുൾപ്പെടെ സംസ്ഥാനത്ത് വെയിലത്ത് ജോലിചെയ്യുന്ന തൊഴിലാളികളുടെ തൊഴിൽ സമയം ഏപ്രിൽ 30 വരെ പുനക്രമീകരിച്ചു കൊണ്ട് ലേബർ കമീഷ്നർ ഉത്തരവിട്ടു.
പകൽ ഷിഫ്റ്റിൽ ജോലി ചെയ്യുന്നവർക്ക് ഉച്ചയ്ക്ക് 12 മുതൽ മൂന്ന് വരെ വിശ്രമവേളയായിരിക്കും. ഇവരുടെ ജോലിസമയം രാവിലെ ഏഴ് മുതൽ വൈകുന്നേരം ഏഴുവരെയുളള സമയത്തിനുളളിൽ എട്ട് മണിക്കൂറായി നിജപ്പെടുത്തിയിട്ടുണ്ട്.
രാവിലെയും ഉച്ചയ്ക്കു ശേഷവുമുളള മറ്റു ഷിഫ്റ്റുകളിലെ ജോലി സമയം ഉച്ചയ്ക്കു 12 മണിക്ക് അവസാനിക്കുന്ന പ്രകാരവും വൈകുന്നേരം മൂന്ന് മണിക്ക് ആരംഭിക്കുന്ന പ്രകാരവും പുനക്രമീകരിച്ചിട്ടുണ്ട്. ലേബർ കമ്മീഷ്നറുടെ ഉത്തരവ് പാലിക്കാത്ത തൊഴിലുടകൾക്കെതിരെ കർശനനടപടി സ്വീകരിക്കുമെന്ന് ജില്ലാ ലേബർ ഓഫീസർ (എൻഫോഴ്സ്മെന്റ്) അറിയിച്ചു.