കോട്ടയം: ചൂട് കൂടുന്നു, കോട്ടയം പൊള്ളുന്നു. രാജ്യത്ത് ഏറ്റവുമധികം ചൂട് രേഖപ്പെടുത്തുന്നത് ഇപ്പോൾ കോട്ടയത്താണ്. കഴിഞ്ഞ ഒന്പതിന് 38.7 ഡിഗ്രി സെൽഷസ് രേഖപ്പെടുത്തിയ കോട്ടയത്തെ ചൂടാണ് രാജ്യത്തെ ഏറ്റവും അധികം ചൂട്.
സംസ്ഥാനത്തും ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത് കോട്ടയത്തായിരുന്നു. പൂഞ്ഞാറിലും വടവാതൂരിലും 39.4 ഡിഗ്രി സെൽഷസാണ് രേഖപ്പെടുത്തിയത്. ഉച്ചകഴിഞ്ഞ് 1.30 സമയത്താണ് ഈ ചൂട് രേഖപ്പെടുത്തിയതെന്നാണ് കാലാവസ്ഥ നിരീക്ഷണ വിഭാഗം പറയുന്നത്.
കുമരകത്ത് 35.8, വൈക്കത്ത് 38.2 എന്നിങ്ങനെയും ചൂട് രേഖപ്പെടുത്തി.അതേ സമയം ഇന്നലെ ചൂടിന് അൽപം ശമനമുണ്ടായി. 36 ഡിഗ്രിസെൽഷസായിരുന്നു ഇന്നലത്തെ ചൂട്.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ തന്നെ ഓട്ടോമാറ്റിക് വെതർ സ്റ്റേഷനിൽ 39 ഡിഗ്രിക്കു മുകളിലാണ് ജില്ലയിലെ താപനില, 39.4 ഡിഗ്രി ചൂട് രേഖപ്പെടുത്തിയ വടവാതൂരിലാണ് ജില്ലയിൽ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ടത്.
2011 മാർച്ച് മാസത്തിൽ 36 ഡിഗ്രി സെൽഷസായിരുന്നു ജില്ലയിൽ കൂടുതൽ ചൂട് രേഖപ്പെടുത്തിയത്. 2014ൽ 38 ഡിഗ്രിയിലെത്തിയിരുന്നു.
2015 മുതൽ 17 വരെ മാർച്ച് മാസത്തിൽ 37 ഡിഗ്രിയായിരുന്നു ചൂട് 2018 മുതൽ 38 ഡിഗ്രിയും അതിനു മുകളിലുമായിരുന്നു. കഴിഞ്ഞ വർഷവും മാർച്ച് മാസത്തിൽ 38 ഡിഗ്രി ചൂടാണ് രേഖപ്പെടുത്തിയത്.
അടുത്ത ദിവസങ്ങളിൽ ജില്ലയിൽ വേനൽ മഴയെത്തുമെന്നാണ് കാലാവസ്ഥ നിരീക്ഷണ വിഭാഗം പറയുന്നത്. എന്നാൽ മഴ പെയ്യുന്നതോടെ ഹ്യുമിഡിറ്റി ഉയർന്ന് ചൂട് കൂടാനാണ് സാധ്യത.
പകൽ സമയത്ത് പ്രത്യേകിച്ച് രാവിലെ 11മുതൽ ഉച്ചകഴിഞ്ഞ് മൂന്നു വരെ തുറസായ സ്ഥലത്ത് ജോലികൾ ഉപേക്ഷിക്കണമെന്ന നിർദേശമുണ്ടെങ്കിലും എല്ലായിടത്തും ജോലികൾ നടക്കുന്നുണ്ട്.
ചുട്ടുപൊള്ളുന്ന വെയിലിൽ കെട്ടിടത്തിന്റെ മുകളിലും തുറസായ സ്ഥലങ്ങളിലും ജോലികൾ തുടരുകയാണ്.