തിരുവനന്തപുരം: കത്തുന്ന പകൽചൂടിന്റെ പിടിയിലമർന്ന് കേരളം വെന്തുരുകുന്പോൾ പാലക്കാട് ജില്ലയിൽ മൂന്നാം ദിവസവും ഉഷ്ണതരംഗം അനുഭവപ്പെട്ടതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ശനിയാഴ്ചയും പാലക്കാട് ജില്ലയിലെ ചില സ്ഥലങ്ങളിൽ തീവെയിൽ പെയ്യുന്ന ഉഷ്ണതരംഗം അനുഭവപ്പെട്ടതായാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ സ്ഥിരീകരണം.
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകൾ പ്രകാരം ഇന്നലെ പാലക്കാട് ജില്ലയിൽ അനുഭവപ്പെട്ട ഏറ്റവും കൂടിയ പകൽ താപനില 41.8 ഡിഗ്രി സെൽഷസാണ്. വരും ദിവസങ്ങളിലും ജില്ലയിൽ കടുത്ത ചൂട് അനുഭവപ്പെടുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകളിൽ നിന്നുള്ള കണക്കുകൾ പ്രകാരം ഇന്നലെ പാലക്കാട് ജില്ലയിൽ ഏറ്റവും കടുത്ത ചൂട് അനുഭവപ്പെട്ടത് മങ്കരയിലാണ്, 44.5 ഡിഗ്രി സെൽഷസ്. ഇതിനു പുറമെ മറ്റ് എട്ട് സ്ഥലങ്ങളിൽകൂടി ഇന്നലെ താപനില 40 ഡിഗ്രി സെൽഷസിനു മുകളിലെത്തി.
കൊല്ലങ്കോട് 43.3 ഡിഗ്രിയും പോത്തുണ്ടിയിൽ 42.8 ഡിഗ്രിയും മലന്പുഴയിൽ 42.7 ഡിഗ്രിയും വന്നമടയിൽ 42.4 ഡിഗ്രിയും ഒറ്റപ്പാലത്ത് 42 ഡിഗ്രിയും മംഗളം ഡാം പരിസരത്ത് 41.8 ഡിഗ്രിയും മണ്ണാർക്കാട്ട് 41.2 ഡിഗ്രിയും അടയ്ക്കാപുതൂരിൽ 40.7 ഡിഗ്രിയും ചൂടാണ് രേഖപ്പെടുത്തിയത്.
പാലക്കാടിനു പുറമെ ഇടുക്കി ജില്ലയിലെ പീരുമേട്ടിൽ 40.7 ഡിഗ്രിയും വെള്ളത്തൂവലിൽ 40.2 ഡിഗ്രിയും കണ്ണൂർ ജില്ലയിലെ ആറളത്ത് 40.0 ഡിഗ്രിയും അയ്യൻകുന്നിൽ 40.2 ഡിഗ്രിയും കാസർഗോഡ് ജില്ലയിലെ പാണത്തൂരിൽ 41.6 ഡിഗ്രിയും കോഴിക്കോട് ജില്ലയിലെ കുന്ദമംഗലത്ത് 40.1 ഡിഗ്രിയും തൃശൂർ ജില്ലയിലെ വെള്ളാനിക്കരയിൽ 41.7 ഡിഗ്രിയും ചൂട് അനുഭവപ്പെട്ടതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
വേനൽമഴ ദുർബലമായി തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് അനുഭവപ്പെടുന്ന കടുത്ത ചൂട് വരും ദിവസങ്ങളിലും തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ നിഗമനം. ഇതിന്റെ അടിസ്ഥാനത്തിൽ 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
വ്യാഴാഴ്ച വരെ പാലക്കാട് ജില്ലയിൽ താപനില 41 ഡിഗ്രി സെൽഷസ് വരെയും കൊല്ലം, തൃശൂർ ജില്ലകളിൽ 40 ഡിഗ്രി വരെയും കോട്ടയം, പത്തനംതിട്ട, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 38 ഡിഗ്രി വരെയും ആലപ്പുഴ, എറണാകുളം, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ 37 ഡിഗ്രി വരെയും തിരുവനന്തപുരം ജില്ലയിൽ 36 ഡിഗ്രി വരെയും പകൽ താപനില ഉയരാനാണ് സാധ്യത.
വേനൽമഴ ദുർബലം; മഴക്കുറവ് 62%
തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽമഴ ദുർബലമായി തുടരുന്നു. ഇന്നലെ വരെ 62 ശതമാനം മഴക്കുറവാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മാർച്ച് ഒന്ന് മുതൽ ഇന്നലെ വരെ 131.3 മില്ലിമീറ്റർ മഴയാണ് കേരളത്തിൽ പെയ്യേണ്ടിയിരുന്നത്. എന്നാൽ പെയ്തത് 49.7 മില്ലിമീറ്റർ മാത്രമാണ്. ഭൂരിഭാഗം ജില്ലകളും മഴക്കുറവിൽ വലയുകയാണ്. മലപ്പുറം ജില്ലയിലാണ് മഴക്കുറവ് ഏറ്റവും രൂക്ഷമായി തുടരുന്നത്.
98 ശതമാനം മഴക്കുറവാണ് ഇന്നലെ വരെ ജില്ലയിൽ രേഖപ്പെടുത്തിയത്. ഇക്കാലയളവിൽ ശരാശരിക്ക് അടുത്ത് മഴ ലഭിച്ചത് കോട്ടയം ജില്ലയിൽ മാത്രമാണ്. 16 ശതമാനം കുറവ്. സംസ്ഥാനത്ത് ഇന്നലെ വരെ പെയ്ത വേനൽമഴയുടെ കണക്കുകൾ ജില്ല തിരിച്ച് മില്ലിമീറ്ററിൽ, ജില്ല-പെയ്ത മഴ (പെയ്യേണ്ടിയിരുന്ന മഴ) എന്ന ക്രമത്തിൽ.
ആലപ്പുഴ-119.1 (160.5). കണ്ണൂർ-5.9 (59.9). എറണാകുളം-77.7 (138.6). ഇടുക്കി-32.2 (187). കാസർഗോഡ്-3.7 (55). കൊല്ലം-74.2 (184.4). കോട്ടയം-150.3 (178.1). കോഴിക്കോട്-4.7 (93.6). മലപ്പുറം-2.5 (105.7). പാലക്കാട്-16.1 (98.4). പത്തനംതിട്ട-147.9 (236.8). തിരുവനന്തപുരം-100 (150.7). തൃശൂർ-19.7 (94.3). വയനാട്-39.4 (97.9).
സ്വന്തം ലേഖകൻ