എരുമപ്പെട്ടി: കനത്ത ചൂടും ഫംഗസ് ബാധയുംമൂലം കടങ്ങോട് പഞ്ചായത്തിലെ കിടങ്ങൂരിൽ വൻ കൃഷിനാശം. യുവകർഷകൻ മരത്തംകോട് കോതോട്ടിൽ ബജീഷിന്റെ പച്ചക്കറികൃഷിയാണ് നശിച്ചത്.
കിടങ്ങൂരിൽ നാല് ഏക്കറിൽ അധികം വരുന്ന സ്ഥലത്താണ് ബജീഷ് പച്ചക്കറികൃഷി ചെയ്തത്. കെ.എം. മാണി കർഷകസമൃദ്ധി പദ്ധതി എന്ന പേരിൽ പദ്ധതി രൂപീകരിച്ച് പയർ, വെണ്ട, വെള്ളരി, ചീര, കുമ്പളം, മത്തൻ എന്നീ ഇനങ്ങളും സമ്മിശ്ര പച്ചക്കറിയുമാണ് കൃഷിചെയ്തത്.
തൊഴിലാളികളെ ഉപയോഗിച്ച് സ്ഥലം ഉഴുതുമറിച്ച് ഏരി ഉണ്ടാക്കി കഴിഞ്ഞ ഫെബ്രുവരി ആറിനാണ് വിത്തിട്ടത്. ജൈവവളവും ജൈവകീടനാശിനികളും ഉപയോഗിച്ചാണ് കൃഷി പരിപാലിച്ചത്.
വിളവെടുക്കാൻ സമയമായപ്പോഴാണ് വിളകൾക്ക് ഫംഗസ് ബാധിച്ചത്. കനത്ത ചൂടിൽ വെള്ളത്തിന് ക്ഷാമം നേരിട്ടതും കൃഷിയെ പ്രതികൂലമായി ബാധിച്ചു. ഒരു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ബജീഷ് പറയുന്നു. കൃഷി ഓഫീസിൽ അപേക്ഷ നൽകിയതിനെ തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചെങ്കിലും നഷ്ടപരിഹാരമായി ധനസഹായം നൽകാൻ വകുപ്പില്ല എന്നാണ് അറിയിച്ചത്.
ഫംഗസ് ബാധയെ തുടർന്നുണ്ടായ കൃഷി നാശത്തിന് അർഹമായ ധനസഹായം നൽകാൻ കൃഷിവകുപ്പ് തയ്യാറാകണമെന്ന് ബജീഷ് ആവശ്യപ്പെട്ടു.