ചൂടിനെ സംബന്ധിച്ച് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ കടുത്ത ആശങ്കയുളവാക്കുകയാണ്.
കടുത്ത ചൂട് അനുഭവപ്പെടുന്നതിനു പിന്നില്‍ തമിഴ്നാട്ടില്‍ നിന്നുള്ള വരണ്ട കാറ്റിനു പുറമേ വര്‍ധിച്ച അള്‍ട്രാവയലറ്റ് (യുവി) തോതും കാരണമാണ്.
മേഘങ്ങള്‍ മാറുന്നതാണ് ഇതിന് കാരണം.കേരളത്തിന്റെ പല ജില്ലകളിലും യുവി ഇന്‍ഡക്സ് 12 കടന്നതായി ആഗോള ഉപഗ്രഹാധിഷ്ഠിത നിരീക്ഷണങ്ങള്‍ പറയുന്നു. ഇത് ഗുരുതര സാഹചര്യമാണ് ഉണ്ടാക്കുന്നത്.
പകല്‍ സമയത്ത് വളരെ ഉയര്‍ന്ന താപനിലയും രാത്രിയില്‍ വളരെ താഴ്ന്ന താപനിലയുമാണ് സംസ്ഥാനത്ത പലയിടത്തും അനുഭവപ്പെടുന്നത്.
സൂര്യന്റെ ഉത്തരായന സമയമായതിനാല്‍ മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ പകുതി വരെ താപനില കൂടിയിരിക്കും. ഏപ്രില്‍ 14നു ശേഷം വേനല്‍മഴ എത്തുമെന്നാണ് പ്രതീക്ഷ.
ഇതു സംഭവിച്ചില്ലെങ്കില്‍ കേരളം വരളര്ച്ചയ്ക്ക് വഴിമാറും. വെള്ളപ്പൊക്കമുണ്ടാക്കുന്ന പെരുമഴ പെയ്തിട്ടും മാസങ്ങള്‍ കഴിയുമ്പോള്‍ വരണ്ടുണങ്ങുന്നതില്‍ ആഗോളതാപനത്തിനും ഒരു പങ്കുണ്ട്.
ഭൂമധ്യരേഖയോടു ചേര്‍ന്നു നില്‍ക്കുന്നതാണ് കേരളത്തില്‍ യുവി കൂടാന്‍ കാരണം. കേരളത്തില്‍ പുനലൂരിലാണ് കഴിഞ്ഞ ദിവസം ഏറ്റവും കൂടിയ താപനിലയായ 39 ഡിഗ്രി രേഖപ്പെടുത്തിയത്.
ഏറ്റവും കുറഞ്ഞ രാത്രി താപനിലയും ഇവിടെതന്നെ രേഖപ്പെടുത്തി. 19 ഡിഗ്രി. കൂടിയ താപനിലയും കുറഞ്ഞ താപനിലയും തമ്മില്‍ 10 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതല്‍ വ്യത്യാസം അനുഭവപ്പെടുന്നതുതന്നെ മരുഭൂവല്‍ക്കരണ സൂചനയാണെന്ന അഭിപ്രായവും ശക്തമാണ്.
ആ സമയത്ത് പുനലൂരില്‍ ഈ അന്തരം ഏകദേശം 20 ഡിഗ്രി വരെയാണെന്നതാണ് ആശങ്കയേറ്റുന്നു.
മേഘങ്ങളില്ലാതെ ആകാശം തെളിയുന്നതാണു സൂര്യനില്‍ നിന്നുള്ള യുവി കിരണങ്ങളുടെ തീവ്രത വര്‍ധിച്ച് കേരളത്തില്‍ ചൂടു കൂടുന്നത്.
ആഗോള താപനവും വാഹനപ്പുകയും ടാറും കോണ്‍ക്രീറ്റും പരിസ്ഥിതി നാശവും ഈ സാഹചര്യത്തെ കൂടുതല്‍ തീവ്രമുള്ളതാക്കുന്നു.
കേരളത്തിന്റെ പല ജില്ലകളിലും യുവി ഇന്‍ഡക്സ് 12 കടന്നുവെന്നത് ഞെട്ടിപ്പിക്കുന്നതാണ്. യൂറോപ്പിലും മറ്റും യുവി തോത് ഏഴ് കടന്നാല്‍തന്നെ മുന്നറിയിപ്പു നല്‍കും. ഈ സ്ഥാനത്താണ് കേരളത്തില്‍ ഇന്‍ഡക്സ് 12 കടന്നതായി സൂചനയുള്ളത്.
ഇന്ത്യന്‍ കാലാവസ്ഥാ കേന്ദ്രത്തിന് യുവി തോത് അളക്കാനുള്ള സംവിധാനമില്ല എന്നുള്ളതും ഒരു പരിമിതിയാണ്.
സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി ഇതിനായി നടപടി സ്വീകരിച്ചെങ്കിലും കൃത്യമായ മുന്നറിയിപ്പുകള്‍ക്കു സജ്ജമായിട്ടില്ല.
യുവി ഏറ്റവും ശക്തമാകുന്ന 11 മുതല്‍ 3 മണിവരെ പുറത്തുള്ള ജോലികള്‍ നിയന്ത്രിക്കുകയാണ് വേണ്ടത്. ഈ സമയത്ത് വിശ്രമം അനുവദിക്കണമെന്ന് തൊഴില്‍ വകുപ്പ് നിര്‍ദ്ദേശിച്ചു. അല്ലാത്ത പക്ഷം ദുരന്തം ഉണ്ടാകുമെന്നുറപ്പാണ്.
യുവി ശക്തമായാല്‍ ത്വക്കില്‍ ആദ്യം നീറ്റലും തുടര്‍ന്നു സൂര്യാഘാതവും (സണ്‍ സ്ട്രോക്ക്) ഉണ്ടാകാന്‍ സാധ്യതയേറെയാണ്.
വെയിലത്ത് നിന്നാല്‍ നിര്‍ജലീകരണം അനുഭവപ്പെടാം. ഇതും ആളുകളെ ക്ഷീണാവസ്ഥയിലാക്കും. കേരളത്തില്‍ കഴിഞ്ഞ വര്‍ഷം ഏകദേശം 1,600 പേര്‍ക്ക് സൂര്യാഘാതം ഏറ്റെന്നാണ് കണക്ക്. ഇത്തവണത്തെ സാഹചര്യം കണക്കിലെടുത്താല്‍ ഈ സംഖ്യ മറികടക്കാനുള്ള സാധ്യതയാണുള്ളത്.