ചവറ: കൊറ്റൻകുളങ്ങര ദേവീ ക്ഷേത്രത്തിലെ ആൽത്തറയിൽ ഒഴിഞ്ഞ മദ്യക്കുപ്പികളും ഭക്ഷണാവശിഷ്ടങ്ങളും സാമൂഹ്യ വിരുദ്ധർ കൊണ്ടിട്ടു. ഇന്നലെ രാവിലെ ക്ഷേത്രത്തിലെത്തിയ ഭക്തരാണ് ഒഴിഞ്ഞ മദ്യക്കുപ്പികൾ കണ്ടത്.
ഉടൻ തന്നെ ക്ഷേത്രോപദേശക ഭാരവാഹികളെ വിവരം അറിയിപ്പിച്ചു. ക്ഷേത്ര ഉത്സവം കഴിഞ്ഞ് കുരുത്തോലപ്പന്തലിൽ ദേവീ സാമിപ്യം ഉണ്ടെന്നാണ് വിശ്വാസം.
രാത്രി കാലങ്ങളിൽ ആൽത്തറയിൽ ഇത്തരത്തിൽ മദ്യക്കുപ്പികളും അവശിഷ്ടങ്ങളും കൊണ്ടിട്ടതോടെ അത് വിശ്വാസത്തിനേറ്റ മങ്ങലാണെന്നും ശുദ്ധികലശം നടത്തണമെന്നും ഭാരവാഹികൾ പറഞ്ഞു.
പ്രദേശത്ത് മനപൂർവം സംഘർഷം ഉണ്ടാക്കാനാണ് സമൂഹ്യവിരുദ്ധർ ശ്രമിക്കുന്നതെന്നും ഭാരവാഹികൾ അഭിപ്രായപ്പെട്ടു. ക്ഷേത്ര കളത്തട്ടിൽ രാത്രികാലങ്ങളിൽ ഇരിക്കുന്നത് കർശനമായി നിരോധിച്ചിരിക്കുകയാണ്.
പോലീസിന്റെ നിരീക്ഷണം ശക്തമാക്കണമെന്നും കുറ്റക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ഭക്തരും ആവശ്യപ്പെട്ടു.