തമിഴ്നാട്ടിലെ ട്രിച്ചി നഗരത്തിനടുത്തുള്ള കുംഭകുടി ഗ്രാമത്തിൽ ശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായി പ്രദേശവാസികള്‍ ചേർന്ന് തകര്‍ന്ന് കിടന്ന ഒരു ക്ഷേത്രം വൃത്തിയാക്കി. അതിനിടെ 10ാം നൂറ്റാണ്ടിലേതെന്ന് കരുതുന്ന ഒരു ശിവലിംഗം ക്ഷേത്രാവശിഷ്ടങ്ങൾക്കിടയിൽ നിന്നും കണ്ടെത്തി. ചോള ഭരണകാലമായ 10 -ാം നൂറ്റാണ്ടില്‍ പണി കഴിപ്പിച്ചതാണ് ഈ ശിവലിംഗമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.
ശിവലിംഗത്തെ കൂടാതെ തമിഴ് ലിഖിതങ്ങളടങ്ങിയ മൂന്ന് കല്ലുകളും, പന്ത്രണ്ടാം നൂറ്റാണ്ടിലെ ചോളരാജാവായ വിക്രമചോളന്റെ ഭരണകാലത്തെ ഒരു ലിഖിതവും പ്രദേശത്ത് നിന്നു ലഭിച്ചു. ട്രിച്ചി ആസ്ഥാനമായുള്ള ആത്രുപടൈ ഹെറിറ്റേജ് ഗ്രൂപ്പായ കെ ധനശേഖര്‍ ക്ഷേത്രാവശിഷ്ടങ്ങളും വിഗ്രഹവും പരിശോധിച്ചു.
പഠന സംഘം ലിഖിതം പരിശോധിച്ചപ്പോൾ കാവേരി നദിയുടെ തെക്കൻ തീരത്തുള്ള പാണ്ഡ്യ കുലശാനി വളനാട്ടിൽ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നതായി അതിൽ രേഖപ്പെടുത്തിയിരിക്കുന്നു. കുംഭകുടി എന്നാണ് ഗ്രാമത്തിന്റെ പേരെന്നും അതിൽ അടയാളപ്പെടുത്തിയിട്ടുണ്ട്.
ഒരു പ്രാദേശിക ഉദ്യോഗസ്ഥനായ കുംഭകുടി നട്ടാൽവൻ എന്നയാളാണ് ക്ഷേത്രത്തിന് വേണ്ടിയുള്ള ഭൂമി ദാനത്തിന് നേതൃത്വം നൽകിയതെന്നും ശിലാരേഖയില്‍ പറയുന്നു. എന്നാല്‍ ക്ഷേത്രത്തിന്റെ പേര് എന്താണെന്ന് ലിഖിതത്തിൽ വായിക്കാൻ കഴിയുന്നില്ലെന്നും, അൻബിലൂരുടയ്യാർ, തിരുവെങ്കാടുടയ്യാർ എന്നീ പേരുകള്‍ ലിഖിതത്തിലുണ്ടെന്നും പഠനസംഘം പറഞ്ഞു.