ഗുരുവായൂർ: വിഷു ദിനത്തിൽ ദർശനത്തിനെത്തിയ ഭിന്നശേഷിയുള്ള യുവാവിന് ദർശനം നടത്താൻ അനുവദിക്കാതെ അപമാനിച്ച് മടക്കിവിട്ടതായി പരാതി.യുവാവും കുടുംബവും വിഷമത്തോടെ ദർശനം നടത്താതെ മടങ്ങി.കണ്ണൂർ പറശ്ശിനിക്കടവ് സ്വദേശി വൈശാഖ് (30) അമ്മ സുമക്കും അച്ഛൻ ജിനരാജിനുമൊപ്പം ഇന്നലെ രാത്രി ഏഴോടെയാണ് ദർശനത്തിനെത്തിയത്. സ്വന്തം വീൽ ചെയറിൽ പടിഞ്ഞാറെനടയിലെത്തിയ ഇവരെ ക്ഷേത്രം സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞു.
തുടർന്ന് ക്ഷേത്രം മാനേജരുമായി സംസാരിച്ചെങ്കിലും ആദ്യം കടത്തിവിടാൻ തയാറായില്ല.ഇവർ കൊണ്ടുവന്ന വീൽ ചെയർ ക്ഷേത്രത്തിനുള്ളിലേക്ക് അനുവദിക്കാനാകില്ലെന്ന് മാനേജർ അറിയിച്ചതായി ഇവർ പറഞ്ഞു.ഇതോടെ ദേവസ്വത്തിന്റെ വീൽ ചെയറിൽ ദർശനം നടത്താൻ വൈശാഖും കുടുംബവും തയാറായെങ്കിലും, ദേവസ്വം വീൽ ചെയറുകൾ കേടുവന്ന് ഉപോഗിക്കാൻ കഴിയാത്ത സ്ഥിതിയിലായതിനാൽ വൈശാഖിന് ദർശനം നടത്താനാകാതെ മടങ്ങേണ്ടി വന്നു.
കഴിഞ്ഞ ജനുവരി 29ന് വൈശാഖ് ദർശനത്തിന് ഗുരുവായൂരിലെത്തിയപ്പോൾ സ്വന്തം വീൽ ചെയറിൽ ക്ഷേത്രത്തിൽ കടന്ന് ദർശനം നടത്തിയിരുന്നു.ഭിന്നശേഷിയുള്ള യുവാവിന് ദർശനം നിഷേധിച്ചത് വ്യാപക പ്രതിഷേധത്തിനിടയാക്കി.സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു പാർലമെന്റ് ആത്മീയസഭ സംസ്ഥാന സെക്രട്ടറി ഡോ.എ.ഹരിനാരായണൻ അഡ്മിനിസ്ട്രേറ്റർക്ക് പരാതി നൽകി.
ക്ഷേത്രത്തിലെത്തുന്ന ഭിന്നശേഷിയുള്ളവരും രോഗാവസ്ഥയിലുളളതും അശരണരാവരോടും അനുകന്പയോടെ പെരുമാറാൻ ക്ഷേത്രം അധികൃതർക്ക് നിർദ്ദേശം നൽകണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു.ഭിന്നശേഷിക്കാർക്ക് ദർശനത്തിന് ദേവസ്വം എല്ലാക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുള്ളതായി ദേവസ്വം ചെയർമാൻ കെ.ബി.മോഹൻദാസ് അറിയിച്ചു.
സുരക്ഷാകാരണങ്ങളാലും ക്ഷേത്രത്തിനുളളിലെ ശുദ്ധി ച്ചടങ്ങുകൾ പാലിക്കേണ്ടതിനാലും വന്നിട്ടുള്ള ബുദ്ധിമുട്ടാകും ഉണ്ടായിട്ടുള്ളതെന്നും ചെയർമാൻ അറിയിച്ചു.