കുളത്തിൽ ചത്തു പൊങ്ങിയ മുതലയെ അടക്കം ചെയ്യാൻ ഒത്തു കൂടിയത് 500 ഗ്രാമവാസികൾ. ചത്തീസ്ഗഡിലെ ബെമെത്ര ജില്ലയിലെ ബാവമൊഹാത്ര ഗ്രാമത്തിലാണ് സംഭവം. ദൈവത്തിന്റെ അവതാരമായാണ് ഗ്രാമവാസികൾ ഈ മുതലയെ കണ്ടിരുന്നത്.
ഏകദേശം 130 വയസ് കണക്കാക്കപ്പെടുന്ന ഈ മുതലയെ ഗംഗാരം എന്നാണ് ഗ്രാമവാസികൾ വിളിച്ചിരുന്നത്. ആചാരപരമായ ചടങ്ങുകൾക്കു ശേഷമാണ് ഗ്രാമവാസികൾ മുതലയുടെ സംസ്ക്കാരം നടത്തിയത്.
മുതല കിടന്നിരുന്ന കുളത്തിലാണ് ഗ്രാമവാസികളെല്ലാം കുളിച്ചിരുന്നത്. ആരെയും ഉപദ്രവിക്കുവാൻ മുതല ശ്രമിച്ചിരുന്നില്ലെന്നും കുട്ടികൾക്കു പോലും ഗംഗാരം പ്രിയപ്പെട്ടവനായിരുന്നുവെന്നും എല്ലാവരും ദൈവത്തിന്റെ അവതാരമായാണ് ഗംഗാരാമിനെ കണ്ടിരുന്നതെന്നും ഗ്രാമവാസികളിലൊരാൾ പറഞ്ഞു.
ഗ്രാമവാസികൾ നൽകുന്ന അരിയും മറ്റ് ഭക്ഷണങ്ങളുമാണ് ഗംഗാരം കഴിച്ചിരുന്നത്. ആരെങ്കിലും കുളത്തിൽ നീന്താൻ ഇറങ്ങിയാൽ ഗംഗാരം കുളത്തിന്റെ ഒരു വശത്തേക്കു മാറി കിടക്കുമായിരുന്നു.
250 കിലോഗ്രാം ഭാരമുണ്ടായിരുന്ന മുതലയെ സംസ്ക്കരിക്കുവാൻ വനംവകുപ്പ് അധികൃതർ ഗ്രാമവാസികൾക്ക് അനുമതി നൽകിയിരുന്നു. ഗംഗാരാമിന്റെ ഓർമയ്ക്ക് ക്ഷേത്രം നിർമിക്കുവാനുള്ള തീരുമാനത്തിലാണ് ഗ്രാമവാസികളെല്ലാവരും.