ക്ഷേത്രപ്രവേശന വിളംബര വാർഷികത്തിൽ രാജകുടുംബത്തിലെ പ്രതിനിധികൾ പങ്കെടുക്കില്ല. അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായ്, പൂയം തിരുനാൾ ഗൗരി പാർവതി ഭായ് എന്നിവരാണ് പരിപാടിയിൽ പങ്കെടുക്കേണ്ടിയിരുന്നത്.
എന്നാൽ കഴിഞ്ഞ ദിവസം വാർഷിക പരിപാടിയുടെ നോട്ടീസ് വിവാദങ്ങൾ സൃഷ്ടിച്ചു. അതെ തുടർന്ന് പരിപാടിയുടെ നോട്ടീസ് ദേവസ്വം ബോർഡ് പിൻവലിച്ചിരുന്നു.
നോട്ടീസിലെ രാജ്ഞി, തമ്പുരാട്ടി എന്നീ പരാമർശങ്ങളാണ് വിവാദത്തിന് തുടക്കമിട്ടത്. രണ്ട് ‘ഹെര്‍ ഹൈനസ്’ തമ്പുരാട്ടിമാര്‍ എന്നാണ് നോട്ടീസില്‍ ഇരുവരെയും വിശേഷിപ്പിച്ചത്. സംഭവം പിന്നീട് വിവാദമാവുകയായിരുന്നു. ഇതെ തുടർന്ന് ദേവസ്വം ബോർഡ് നോട്ടീസ് പിൻവലിക്കുകയായിരുന്നു.
നാടുവാഴികളുടെ കാലത്തെ വാഴ്ത്തുന്ന നോട്ടീസ് ക്ഷേത്രപ്രവേശനത്തെ തമസ്കരിക്കുന്നതായി ആരോപണമുയർന്നിരുന്നു. ‘ശ്രീ ചിത്തിര തിരുനാള്‍ മഹാരാജാവ് തിരുമനസ്സ് കൊണ്ട് തുല്യം ചാര്‍ത്തിയ ക്ഷേത്ര പ്രവേശന വിളംബര ദിവസം’ എന്നാണ് ചടങ്ങിന്റെ നോട്ടീസ് തുടങ്ങിയത്.
തിരുവതാംകൂറിലെ അവർണരും ദളിതരും രാപകലില്ലാതെ സമരം ചെയ്തും രക്തസാക്ഷികളായും നേടിയെടുത്തതാണ് ക്ഷേത്രപ്രവേശന അനുമതി. ഇതിനെ മഹാരാജാവ് കനിഞ്ഞു നൽകിയ അനുമതി എന്ന രീതിയിലാണ് നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്. ഈ പരാമർശം പിന്നീട് വിവാദമാവുകയായിരുന്നു.
തിരുവനന്തപുരം നന്തന്‍കോട് ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 87-ാംവാര്ഷികപരിപാടികള് ഇന്ന് നടക്കും. ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ പരിപാടി ഉദ്ഘാടനം ചെയ്യും.