ബംഗളൂരു: കർണാടകയിലെ ചിക്കബല്ലപുരയിലെ ക്ഷേത്രത്തിൽനിന്ന് വിതരണം ചെയ്ത പ്രസാദം കഴിച്ച സ്ത്രീ മരിച്ചു. ഭക്ഷ്യവിഷബാധയേറ്റ 11 പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. സംഭവുമായി ബന്ധപ്പെട്ട് പോലീസ് രണ്ടു പേരെ അറസ്റ്റ് ചെയ്തു.
ചിക്കബല്ലപുര സ്വദേശിനി കവിത (28) ആണ് മരിച്ചത്. ഛർദിമൂലം നിര്‍ജലീകരണം സംഭവിച്ചതാണ് മരണകാരണമായത്. ഇവരുടെ കുട്ടികളും അവശനിലയില്‍ ആശുപത്രിയിലാണ്.
ജനുവരി 25 വെള്ളിയാഴ്ച ക്ഷേത്രത്തില്‍ വിതരണം ചെയ്ത പ്രസാദം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ചിന്താമണി താലൂക്കിലെ ഗംഗമ്മ ദേവി ക്ഷേത്രത്തിൽ ഉത്സവം നടക്കുന്നതിനിടെയാണ് പ്രസാദവിതരണം ഉണ്ടായത്. ക്ഷേത്രത്തിൽ എത്തിയ അജ്ഞാതരായ രണ്ട് സ്ത്രീകൾ പ്രസാദമായി ഭക്തർക്ക് ഹലുവ നൽകുകയായിരുന്നു.
ഇത് കഴിച്ച ആളുകൾക്ക് വയറുവേദന അനുഭവപ്പെടുകയും ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു. ഭക്ഷ്യവിഷബാധ ഉണ്ടാകാൻ കാരണമായ പ്രസാദം ക്ഷേത്രത്തിൽനിന്നുള്ളതല്ലെന്ന് പോലീസ് പറഞ്ഞു. പ്രസാദം വിതരണം ചെയ്ത സ്ത്രീകൾ നിരീക്ഷണത്തിലാണെന്നും പോലീസ് അറിയിച്ചു.