പയ്യന്നൂര്‍(കണ്ണൂർ): പയ്യന്നൂര്‍ എല്‍ഐസി ജംഗ്ഷന് സമീപത്തെ മഠത്തുംപടി ക്ഷേത്രത്തില്‍ വീണ്ടും കവര്‍ച്ച. ഓഫീസിന്റെ വാതില്‍ കുത്തിത്തുറന്ന് അകത്ത് കടന്ന മോഷ്ടാക്കള്‍ ഓഫീസിനകത്തെ അലമാരയും മേശയും കുത്തിത്തുറന്നാണ് കവര്‍ച്ച നടത്തിയത്.
ഇന്ന് രാവിലെ ക്ഷേത്രത്തിലെത്തിയ വിശ്വാസികളാണ് ഓഫീസിന്റെ വാതില്‍ കുത്തിത്തുറന്നതായി കാണപ്പെട്ടതിനെ തുടര്‍ന്ന് ക്ഷേത്രക്കമ്മിറ്റിയെ വിവരമറിയിച്ചത്.നവരാത്രി ആഘോഷങ്ങളെത്തുടര്‍ന്ന് ഇന്നലെ രാത്രി ഒമ്പതിന് ശേഷം പൂട്ടിയ ഓഫീസാണ് രാവിലെ കുത്തിത്തുറന്ന് നിലയില്‍ കണ്ടത്.
ഓഫീസിനകത്തെ അലമാര കുത്തിത്തുറന്ന മോഷ്ടാവ് അലമാരയിലെ സാധനങ്ങള്‍ വാരി വലിച്ചിട്ട നിലയിലാണ്. സമീപത്തെ മേശയില്‍ സൂക്ഷിച്ചിരുന്ന മൂവായിരം രൂപ നഷ്ടമായെന്ന് ക്ഷേത്രക്കമ്മിറ്റി പ്രസിഡന്റ് തമ്പാന് പറഞ്ഞു.വിവരമറിഞ്ഞെത്തിയ പയ്യന്നൂര്‍ പോലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം നടത്തി.