മഞ്ചേശ്വരം: ക്ഷേത്രത്തിലെ വിഗ്രഹത്തില്‍നിന്ന് അഞ്ചര പവന് തിരുവാഭരണങ്ങള്‍ കവര്‍ന്നശേഷം പകരം മുക്കുപണ്ടം വച്ച് പൂജാരി മുങ്ങി.
ഹൊസബെട്ടു മങ്കേശ മഹാലക്ഷ്മി ശാന്താദുര്‍ഗ ദേവസ്ഥാനത്താണ് സംഭവം. പൂജാരിയായിരുന്ന തിരുവനന്തപുരം സ്വദേശി ദീപക് നമ്പൂതിരിക്കെതിരെ ക്ഷേത്ര ട്രസ്റ്റി ദീപക് റാവുവിന്റെ പരാതിയില്‍ മഞ്ചേശ്വരം പോലീസ് കേസെടുത്തു.
കഴിഞ്ഞ മാസം 27 നാണ് ദീപക് നമ്പൂതിരി ക്ഷേത്രത്തിലെ പൂജാരിയുടെ ചുമതലയേറ്റത്. അന്നും തൊട്ടടുത്ത രണ്ടു ദിവസങ്ങളിലും ക്ഷേത്രത്തില്‍ പൂജ നടത്തി.
ഇതിനിടയില്‍ ക്ഷേത്രത്തില്‍ എത്തുന്നവരോടെല്ലാം നല്ല ബന്ധം ഉണ്ടാക്കി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞതായും പറയുന്നു.
29 ന് വൈകുന്നേരം സെക്യൂരിറ്റി ജീവനക്കാരനോട് ഹൊസങ്കടി ടൗണില്‍ പോയി വരാമെന്നു പറഞ്ഞാണ് പോയത്. ഏറെ വൈകിയിട്ടും തിരിച്ചെത്തിയില്ല.
ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. ഇയാൾ താമസിച്ചിരുന്ന വാടക വീടും പൂട്ടിയ നിലയിലായിരുന്നു.രണ്ടു ദിവസത്തിനുശേഷം നേരത്തേ പൂജാരിയായിരുന്ന കര്‍ണാടക സിദ്ധാപുരം സ്വദേശി ശ്രീധരഭട്ടിനെ ക്ഷേത്രത്തിലേക്ക് വിളിച്ചു വരുത്തി പൂജയ്ക്കായി ശ്രീ കോവില്‍ തുറന്നപ്പോഴാണ് വിഗ്രഹത്തില്‍ പുതിയ ആഭരണങ്ങള്‍ ചാര്‍ത്തിയ നിലയില്‍ കണ്ടെത്തിയത്.
സ്വര്‍ണപ്പണിക്കാരനെ കൊണ്ടുവന്ന് പരിശോധന നടത്തിയപ്പോള്‍ മുക്കുപണ്ടമാണെന്ന് വ്യക്തമായി. ദീപക്കിനെ കണ്ടെത്താന്‍ മഞ്ചേശ്വരം പോലീസ് തിരുവനന്തപുരത്തേക്ക് തിരിച്ചിട്ടുണ്ട്.