ചവറ: ചവറയിലെ നാല് ക്ഷേത്രങ്ങളിൽ മോഷണവും സിസിടിവി കാമറകൾ തകർത്തതുമായി ബന്ധപ്പെട്ട കേസിൽ പതിനേഴ്കാരൻ അറസ്റ്റിലായി. ഇന്നലെ ചവറ താന്നിമൂട് ചന്തയിൽ വെച്ചാണ് ചവറ പോലീസ് കൗമാരക്കാരനെ പിടികൂടിയത്. സിസിടിവി യിൽ ഇയാളുടെ ദൃശ്യങ്ങൾ കിട്ടിയതിനാലാണ് പോലീസിന് ഉടൻ ആളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ഉണ്ടായത്.
മേയ് ഏഴ്, എട്ട് തീയതികളിലാണ് വിരുതൻ മോഷണം നടത്തിയത്. ഏഴിന് രാത്രിയിൽ ചവറയിലെ അറയ്ക്കൽ ക്ഷേത്രത്തിലും സമീപമുള്ള കളരി ക്ഷേത്രത്തിലും ആയിരുന്നു മോഷണം. അറയ്ക്കൽ ക്ഷേത്രത്തിലെ ആറ് സിസിടിവി കാമറകൾ ഇയാൾ നശിപ്പിച്ചിരുന്നു.
എട്ടിന് രാത്രിയിൽ ചവറ ചെറുശേരിഭാഗം പുളിമൂട് ഞാറയ്ക്കാട്ട് ദേവീ ക്ഷേത്രം, പന്മന മേക്കാട് പാണൂര്‍ യോഗീശ്വര സ്വാമി ക്ഷേത്രം എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. എന്നാൽ വഞ്ചികൾ തകർത്തുവെങ്കിലും കാര്യമായ പണം ലഭിച്ചില്ലായെന്നാണ് ഇയാൾ പോലീസിന് നൽകിയ വിവരമെന്നാണ് സൂചന.
പിടിയിലായ കൗമാരക്കാരൻ ഇതിന് മുമ്പും മോഷണ കേസിൽ പിടിക്കപ്പെട്ട് പോലീസ് ഇയാളെ ജുവനൈൽ ഹോമിൽ ആക്കിയിരുന്നു. ക്ഷേത്രങ്ങളിലെ മോഷണക്കേസിലും കൗമാരക്കാരനെതിരെ കേസെടുത്ത് ജുവനൈൽ ഹോമിലേയ്ക്ക് വിടുമെന്ന് പോലീസ് പറഞ്ഞു.