പൊൻകുന്നം: ഇളങ്ങുളം ധർമശാസ്താ ക്ഷേത്രത്തിൽ മോഷണശ്രമത്തിനിടെ മോഷ്ടാവിനെ പരിസരവാസികൾ പിടികൂടി പൊൻകുന്നം പോലീസിന് കൈമാറി. ഇടുക്കി അടിമാലി ചക്കിയാങ്കൽ വീട്ടിൽ വിജയൻ എന്നു വിളിക്കുന്ന പത്മനാഭനെ (63) യാണ് നാട്ടുകാർ കൈയോടെ പിടികൂടിയത്.
ഇന്നലെ പുലർച്ചെ ഒന്നോടെയായിരുന്നു സംഭവം. ദേവസ്വം ഓഫീസ് കെട്ടിടത്തിലെ വഴിപാട് കൗണ്ടറിനോട് ചേർന്നുള്ള സ്റ്റോർ റൂമിന്റെ ഗ്രില്ലിന്റെ താഴാണ് തകർത്തത്.
ഗ്രില്ലിന്റെ പൂട്ടുപൊളിക്കുന്ന ശബ്ദം കേട്ട് ക്ഷേത്രത്തിനു സമീപം താമസിക്കുന്ന വീട്ടുകാർ ഉണർന്നു. ഇവർ ആളെക്കൂട്ടി എത്തിയപ്പോഴാണ് മോഷണശ്രമം കണ്ടത്.
മോഷ്ടാവ് സമീപത്തെ വീടിന്റെ മതിലിനു മുകളിലൂടെ ചാടിക്കയറി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ആൾക്കാർ ഓടിക്കൂടി പിടികൂടുകയായിരുന്നു. ഉപദേവാലയത്തിലെ ചെറിയ കാണിക്കവഞ്ചി തകർത്തിട്ടുണ്ട്.
രണ്ടുദിവസം മുന്പ് ദേവസ്വം അധികൃതർ കാണിക്കവഞ്ചിയിൽ നിന്ന് പണം ശേഖരിച്ചിരുന്നതിനാൽ കാര്യമായ തുക ഉണ്ടായിരുന്നില്ല.
ആളുകൾ കൂടി,മോഷ്ടാവ് കുടുങ്ങി
ആദ്യം ക്ഷേത്രത്തിലെത്തിയ പരിസരവാസികൾ ക്ഷേത്രത്തിലെ മണിമുഴക്കിയും ഫോണിലൂടെ സമീപവാസികളെ അറിയിച്ചും കൂടുതൽ ആൾക്കാരെ കൂട്ടിയിരുന്നു. ഇതിനിടെ പോലീസിനെയും വിവരമറിയിച്ചു. ഉടൻതന്നെ സ്ഥലത്തെത്തിയ പോലീസ് സംഘം പദ്മനാഭനെ കസ്റ്റഡിയിലെടുത്തു.
പാലാ- പൊൻകുന്നം ബസിലാണ് വൈകുന്നേരം ഇളങ്ങുളത്ത് എത്തിയതെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു. കോതമംഗലം, മുരിക്കാശേരി, പോത്താനിക്കാട്, ആലുവ, കൂത്താട്ടുകുളം, ചിങ്ങവനം, എളമക്കര എന്നീ സ്റ്റേഷനുകളിലുൾപ്പെടെ മുപ്പതിൽപ്പരം മോഷണക്കേസുകളിൽ പ്രതിയാണ് ഇയാൾ.
ഇയാൾ അടിമാലി സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ്.പൊൻകുന്നം സ്റ്റേഷൻ എസ്എച്ച്ഒ എൻ. രാജേഷ്, എസ്ഐ കെ.ആർ. റെജിലാൽ, പി.ടി. അഭിലാഷ്, സിപിഒമാരായ ഷാജി ചാക്കോ, കിരൺ കെ. കർത്ത എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
ദൃശ്യങ്ങൾ സിസിടിവിയിൽ
രാത്രി 12.15ന് ക്ഷേത്രത്തിന്റെ വടക്കുവശത്തെ ഊട്ടുപുരയ്ക്കും ദേവസ്വം ഓഫീസിനും ഇടയ്ക്കുള്ള വഴിയിലൂടെ മോഷ്ടാവ് നടന്നുവരുന്നതുമുതൽ പിടികൂടുന്നത് വരെയുളള കാഴ്ചകൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ചെരുപ്പുകൾ ഊരി കൈയിൽപ്പിടിച്ചായിരുന്നു ക്ഷേത്രാങ്കണത്തിൽ പ്രവേശിച്ചത്.
മങ്കിക്യാപ്പും ഗൗസും ധരിച്ച് ഷർട്ട് ഇടാതെ നിക്കർ മാത്രമിട്ട് വന്ന മോഷ്ടാവ് ആദ്യം ആനക്കൊട്ടിലിലെത്തി അല്പസമയം നിന്നു. തുടർന്ന് ബലിക്കൽ പുരയിൽകയറി ചുറ്റമ്പലത്തിന്റെ പ്രധാന വാതിലിൽ ബലമായി ഒന്നു തള്ളിനോക്കി.
പുറകോട്ട് ഇറങ്ങി ദേവസ്വം വഴിപാട് കൗണ്ടറിന്റെ മുമ്പിലെത്തി പൂട്ട് തകർത്ത് അകത്തുകടക്കാൻ ശ്രമിച്ചു. തുടർന്ന് ഇതിനോടു ചേർന്നുള്ള സ്റ്റോർ റൂമിന്റെ പുറത്തുള്ള ഗ്രില്ലിന്റെ പൂട്ട് കമ്പികൊണ്ട് അടിച്ചുതകർത്തു.
മോഷ്ടാവിന്റെ കൈയിൽ ഒരു കത്തി, പൂട്ടു തകർക്കാനുപയോഗിക്കുന്ന ലിവർ, ബാഗ്, അതിനുള്ളിൽ ആറായിരം രൂപയോളമുള്ള പഴ്സ് എന്നിവയുണ്ടായിരുന്നു.