പറവൂർ: വടക്കൻ പറവൂരിലെ തൃക്കരിപ്പൂർ ദേവീക്ഷേത്രത്തിൽ വൻ കവർച്ച. 30 പവന്റെ തിരുവാഭരണങ്ങൾ മോഷണം പോയി. ഇതിന് അടുത്തുതന്നെയുള്ള മറ്റു രണ്ടു ക്ഷേത്രങ്ങളിലും ഇന്നലെ രാത്രി മോഷണ ശ്രമം നടന്നു. കോട്ടുവള്ളി ശ്രീനാരായണ ക്ഷേത്രം, കുഡുംബി സമുദായ ക്ഷേത്രം എന്നിവിടങ്ങളിലാണ് മോഷണശ്രമം നടന്നത്.
തൃക്കപുരം ക്ഷേത്രത്തിൽ നിന്നും 30 പവന്റെ തിരുവാഭരണങ്ങൾ കൂടാതെ 65,000 രൂപയും മോഷണം പോയതായി പറയുന്നുണ്ടെങ്കിലും ഇതുസംബന്ധിച്ച സ്ഥിരീകരണമുണ്ടായിട്ടില്ല.
ഇന്നലെ രാത്രി ഒന്നോടെയാണ് തൃക്കപുരം ക്ഷേത്രത്തിൽ മോഷണം നടന്നിട്ടുള്ളത്. ക്ഷേത്രത്തിന്റെ മേൽക്കൂരയുടെ ഓട് പൊളിച്ച് അകത്തുകയറിയ മോഷ്ടാവ് ഓഫീസിന്റെ വാതിൽ കുത്തിത്തുറന്നാണ് മോഷണം നടത്തിയിരിക്കുന്നത്. പുലർച്ചെ നാലോടെ പൂജാരിയെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.
ശ്രീനാരായണ ക്ഷേത്ത്രിന്റെയും കുഡുംബി ക്ഷേത്രത്തിന്റെയും വാതിലുകൾ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്തു കയറിയിരിക്കുന്നത്.
എന്നാൽ ഈ അന്പലങ്ങളിലെ സ്ട്രോംഗ് റൂമുകൾ തുറക്കാൻ സാധിക്കാത്തതിനാൽ ഇവിടങ്ങളിൽ നിന്നും ഒന്നും മോഷണം പോയിട്ടില്ലെന്നാണ് പ്രാഥമിക നിഗമനമെന്ന് പറവൂർ പോലീസ് പറഞ്ഞു. വിവരമറിയിച്ചതിനെ തുടർന്ന് പറവൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഫോറൻസിക് വിദഗ്ധരും, വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും പോലീസും പരിശോധനകൾ നടത്തിവരികയാണ്. ഇതിനു ശേഷം മാത്രമേ മോഷണം പോയ വസ്തുക്കൾ സംബന്ധിച്ച് വ്യക്തത വരികയുള്ളൂവെന്നും പറവൂർ സിഐ അറിയിച്ചു.