ഗുരുവായൂർ: പാർഥസാരഥി ക്ഷേത്രം വീണ്ടും മലബാർ ദേവസ്വം ബോർഡ് ഏറ്റെടുത്തു. ഇന്നുപുലർച്ചെ നാലരയോടെ മലബാർ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ ടി.സി. ബിജു, മാനേജർ പി. ശ്രീകുമാർ എന്നിവർ പോലീസ് സംരക്ഷണയോടെ ക്ഷേത്രത്തിൽ എത്തിയാണ് ചുമതലയേറ്റത്. ക്ഷേത്ര ഭരണസമിതി നിയോഗിച്ചിരുന്ന മാനേജരിൽ നിന്ന് ഭണ്ഡാരത്തിന്റെയും ക്ഷേത്ര ലോക്കറിന്റെയും താക്കോലുകളും 53,000 രൂപയും ഏറ്റുവാങ്ങിയാണ് എക്സിക്യൂട്ടീവ് ഓഫീസർ ചുമതലയേറ്റെടുത്തത്.
മൂന്ന് ഡിവൈഎസ്പിമാർ, ആറ് സിഐമാർ, തഹസിൽദാർ, ഡെപ്യൂട്ടി തഹസിൽദാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ നാനൂറോളം പോലീസ് സംഘം ജലപീരക്ങ്കി ഉൾപ്പടെ സർവസന്നാഹത്തോടെ ക്ഷേത്രപരിസരത്ത് ക്യാന്പ് ചെയ്തിരിക്കുകയാണ്.
ഹൈക്കോടതി വിധിയെ തുടർന്ന് സെപ്റ്റംബർ 21ന് എക്സിക്യൂട്ടീവ് ഓഫീസർ ക്ഷേത്രം ഏറ്റെടുക്കാൻ വന്നിരുന്നെങ്കിലും ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിലുള്ള ഹിന്ദു സംഘടനകൾ ഇവരെ തടയുകയും സംഘർഷാവസ്ഥ ഉണ്ടാകുകയും ചെയ്തിരുന്നു. വീണ്ടും മലബാർ ദേവസ്വം ബോർഡ് കോടതിയെ സമീപിക്കുകയും ഉത്തരവ് നേടുകയും ചെയതു. പാർഥസാരഥി ക്ഷേത്രം നേരത്തെ ഏറ്റെടുക്കുന്നതിന് പോലീസിനെ ഉപയോഗിച്ചത് നിയമസഭയിലും ചർച്ചയായിരുന്നു.
സംഘർഷാവസ്ഥ ഉണ്ടാകുമെന്ന് കരുതിയാണ് പുലർച്ചെയെത്തി ചുമതലയേറ്റത്. പാർഥസാരഥി ക്ഷേത്രം ഏറ്റെടുക്കുന്നതിനെതിരെ സംസ്ഥാന വ്യാപകമായി ഹിന്ദുസംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം നടന്നിരുന്നു. ഇന്ന് രാവിലെ ക്ഷേത്രം ഏറ്റെടുത്തതിനുശേഷം സംസ്ഥാനത്തുടനീളമുള്ള ഹിന്ദുസംഘടനാ നേതാക്കൾ യോഗം ചേർന്ന് പ്രതിഷേധ പരിപാടികളെകുറിച്ച് ചർച്ച ചെയ്യുകയാണ്.
ഇന്നു രാവിലെ ക്ഷേത്ര ഭരണം മലബാർ ദേവസ്വം ബോർഡ് ഏറ്റെടുത്തെങ്കിലും ശക്തമായ പോലീസ് സന്നാഹം ഉണ്ടെങ്കിലും തടസമില്ലാതെ ഭക്തർക്കു ദർശനം നടത്താൻ സാധിക്കുന്നുണ്ട്. ചാവക്കാട് തഹസിൽദാർ കെ. പ്രേംചന്ദ്, ഡെപ്യൂട്ടി തഹസിൽദാർ ടി.കെ. ഷാജി, ഗുരുവായൂർ എസിപി പി.എ. ശിവദാസ്, അഡ്മിനിസ്ട്രേഷൻ ഡിവൈഎസ്പി എം.കെ. ഗോപാലകൃഷ്ണൻ, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി ടി.എസ്. സിനോജ്, സിഐമാരായ യു.എച്ച്. സുനിൽദാസ്, ബി. സന്തോഷ്, ഇ. ബാലകൃഷ്ണൻ, കെ.കെ. സജീവ്, ശുഭാവതി, സേതു, ജെ. മാത്യു തുടങ്ങിയവരും, എസ്ഐമാരും, വനിതാപോലീസുകാരും സുരക്ഷക്രമീകരണങ്ങൾക്കു നേതൃത്വം നൽകി.