തൃശൂർ: ക്ഷേത്രത്തിൽ ഉച്ചത്തിൽ പാട്ടുവയ്ക്കുന്നതിനെതിരേ പരാതിപ്പെട്ട യുവാവിനെ നാട്ടുകാർ ഭീഷണിപ്പെടുത്തുന്നതായി പരാതി. തൃശൂർ കോരച്ചാൽ സ്വദേശി വിനോദാണു സമീപവാസികൾക്കെതിരേ പോലീസിൽ പരാതി നൽകിയത്.
വീടിനു സമീപത്തെ കിരാത പാർവതി ക്ഷേത്രത്തിൽ പുലർച്ചെയും വൈകിട്ടും ഉച്ചത്തിൽ പാട്ടു വയ്ക്കുന്നതിനെതിരേ പ്രവാസിയായ വിനോദ് പോലീസിൽ പരാതി നൽകിയിരുന്നു.
ഇതേതുടർന്നു ക്ഷേത്ര കമ്മിറ്റി ഒന്നാകെ തനിക്കെതിരേ തിരിഞ്ഞെന്നാണു വിനോദ് പറയുന്നത്. ഉച്ചത്തിൽ പാട്ടുവയ്ക്കുന്നതു വൃദ്ധരായ അച്ഛനും അമ്മയ്ക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നാണു വിനോദിന്റെ പരാതി.
സംഭവത്തിൽ വെള്ളിക്കുളങ്ങര പോലീസ് അന്വേഷണം തുടങ്ങി. എന്നാൽ അനുവദനീയമായ ശബ്ദത്തിൽ മാത്രമാണ് ഉച്ചഭാഷിണി പ്രവർത്തിപ്പിക്കുന്നതെന്നാണു ക്ഷേത്രം അധികൃതരുടെ വിശദീകരണം.