അഞ്ചല്‍ : കോട്ടുക്കൽ മഞ്ഞിപ്പുഴ ക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ച് ആർഎസ്എസ് ഗണഗീതം ആലപിച്ച സംഭവത്തിൽ ക്ഷേത്ര ഉപദേശ സമിതിക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് കണ്ടത്തൽ. ഉത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഗാനമേളക്കിടെയാണ് ക്ഷേത്ര വേദിയില്‍ ആർഎസ്എസ് ഗണഗീതം പാടിയത്.
ക്ഷേത്ര ഉപദേശക സമിതി വൈസ് പ്രസിഡന്റ് പോലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം വിവാദമാകുന്നത്. ഇതോടെ സംഭവത്തെകുറിച്ചു അന്വേഷിച്ചു റിപ്പോര്‍ട്ട് നല്കാന് കൊട്ടാരക്കര ദേവസ്വം അസിസ്റ്റന്റ് കമ്മീഷണർക്കു നിര്‍ദേശം നല്‍കുകയായിരുന്നു.ഇത് ബോധപൂർവം ചെയ്തതാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഇപ്പോഴത്തെ വിലയിരുത്തൽ.
റിപ്പോർട്ട് പരിശോധിച്ചു ഉടൻ തന്നെ കോട്ടുക്കൽ മഞ്ഞിപുഴ ക്ഷേത്ര ഉപദേശ സമിതി പിരിച്ചുവിടും. ക്ഷേത്രത്തിലോ ക്ഷേത്ര പരിസരത്തോ രാഷ്ട്രീയപാർട്ടികളുടയോ, മത-സാമുദായിക സംഘടനകളുടെയോ കൊടികളോ അതുമായി സാദൃശ്യം തോന്നുന്ന തരത്തിലുള്ള കൊടികളോ കെട്ടുവാനോ ചിഹ്നങ്ങൾ പ്രദർശിപ്പിക്കുവാനോ പാടില്ല.
ഹൈക്കോടതി നിർദേശം തിരുവിതാംകൂർ ദേവസ്വം ബോർഡ് കർശനമായി നടപ്പിലാക്കും. ബന്ധപ്പെട്ട് ഇന്നലെ തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് ജില്ലാ ഡെപ്യൂട്ടി ദേവസ്വം കമ്മീഷൻമാരുടേയും അസിസ്റ്റന്റ് ദേവസ്വം ദേവസ്വം കമ്മീഷണർമാരുടെയും യോഗം ചേർന്നിരുന്നു.
തിരുവിതാംകൂർ ദേവസ്വം ബോർഡ് കീഴിലെ ക്ഷേത്രങ്ങളിൽ ഇത്തരത്തിൽ കൊടികൾ കെട്ടുന്നതിനോ ആശയപ്രചരണം നടത്തുന്നതിനോ രാഷ്ട്രീയ മത-സാമുദായിക സംഘടനകളെ അനുവദിച്ചാൽ അതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ദേവസ്വം ബോര്‍ഡ് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു. അതേസമയം ഗണഗീതം പാടിയ സംഭവത്തില്‍ കടയ്ക്കല്‍ പോലീസും കേസെടുത്തിട്ടുണ്ട്. ഗാനമേള ട്രൂപ്പ് ഒന്നാം പ്രതിയും, ക്ഷേത്ര ഉപദേശക സമിതി രണ്ടാം പ്രതിയുമാണ്.