കോഴിക്കോട് : ക്ഷേത്രത്തിലെ ആചാര അനുഷ്ഠാനങ്ങളിൽനിന്നു ഭ്രഷ്ട് കല്പിച്ചെന്ന പരാതിയുമായി സിപിഎം പ്രവർത്തകൻ രംഗത്ത്. ഹിന്ദു ഐക്യവേദി വിട്ട് സിപിഎമ്മിൽ ചേർന്ന പ്രവർത്തകനാണ് ക്ഷേത്ര ഭരണസമിതി ഭ്രഷ്ട് കല്പിച്ചെന്ന പരാതിയുമായി രംഗത്തുവന്നത്.
ശബരിമലയിലേക്കു വ്രതമെടുത്തു പോകാനൊരുങ്ങിയ തനിക്കു ക്ഷേത്രത്തില്‍ ആചാരവിലക്കു കല്പിച്ചെന്നാണ് കോഴിക്കോട് വെള്ളയില്‍ പ്രദേശത്തെ ടിയില്‍ “കാവ്യസ്മിതം’ വീട്ടില്‍ ഷിന്‍ജുപരാതിപ്പെടുന്നത്. തൊട്ടടുത്ത ക്ഷേത്രത്തിലാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ഈ ക്ഷേത്രത്തിലെ ഭാരവാഹി കൂടിയാണ് ഷിന്‍ജു.
ശബരിമലയ്ക്കു പോകുന്നതിനായി ക്ഷേത്രത്തില്‍ കെട്ടുനിറയ്ക്കാന്‍ അനുവദിക്കില്ലെന്നാണ് ഭാരവാഹികള്‍ തീരുമാനിച്ചതെന്നു ഷിന്‍ജു ദീപികഡോട്ട്കോമിനോടു പറഞ്ഞു.
കെട്ട് നിറയ്ക്കുന്നതിനു മുമ്പു വഴിപാട് രസീത് നല്കരുതെന്നു ക്ഷേത്രം ജീവനക്കാരിക്കും കെട്ട് നിറയ്ക്കാന്‍ അനുവദിക്കരുതെന്നു പൂജാരിക്കും നിര്‍ദേശം നല്‍കിയതായും ഇക്കാര്യം ഇരുവരും തന്നോടു പറഞ്ഞതായും ഷിന്‍ജു പറയുന്നു.
വ്രതമാരംഭിക്കുന്നതിനായി മാലയിട്ടു നല്‍കിയതിനു ക്ഷേത്രം പൂജാരിയെ ശാസിച്ചതായും ഷിന്‍ജു അറിയിച്ചു. ക്ഷേത്രത്തില്‍ തൊഴാനെത്തിയാല്‍ തീര്‍ത്ഥവും ചന്ദനവും നല്‍കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. തുടര്‍ന്ന് നാളെ ശബരിമലയ്ക്കു മറ്റൊരു ക്ഷേത്രത്തില്‍നിന്നു കെട്ട് നിറയ്ക്കാനാണ് ഷിന്‍ജു തീരുമാനിച്ചത്.
നേരത്തെ ഹിന്ദുഐക്യവേദി വെള്ളയില്‍ മേഖലാ ട്രഷററും വഴിയോരകച്ചവട യൂണിയന് (ബിഎംഎസ്) ജില്ലാ ഭാരവാഹിയുമായ ഷിന്‍ജു ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് സിപിഎമ്മില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്.
ഇതേത്തുടര്‍ന്നാണ് തനിക്കു ക്ഷേത്രത്തില്‍ ആചാരാനുഷ്ഠാനപ്രകാരമുള്ള കാര്യങ്ങള്‍ക്കു പോലും വിലക്കേര്‍പ്പെടുത്തിയതെന്ന് ഇദ്ദേഹം പറയുന്നു. സംഭവത്തില്‍ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ മുമ്പാകെ പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ് ഷിന്‍ജു