ഭോപ്പാൽ: മധ്യപ്രദേശിൽ ക്ഷേത്ര മതിൽ ഇടിഞ്ഞുവീണ് ഒമ്പത് കുട്ടികൾക്ക് ദാരുണാന്ത്യം. മധ്യപ്രദേശിലെ സാഗർ ജില്ലയിലാണ് സംഭവം.
ഷാഹ്പൂരിലെ ഹർദൗൾ ബാബ ക്ഷേത്രത്തിൽ ഇന്ന് രാവിലെ നടന്ന മതപരമായ ചടങ്ങിനിടെയാണ് അപകടമുണ്ടായത്. അപകടത്തിൽ നിരവധി കുട്ടികൾക്ക് പരിക്കേൽക്കുകയും ചെയ്തു.
പരിക്കേറ്റ കുട്ടികളെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവസ്ഥലത്ത് നാട്ടുകാരുടെ സഹായത്തോടെയാണ് പോലീസ് രക്ഷാപ്രവർത്തനം നടത്തിയത്.
സംഭവത്തിൽ അതിയായ വേദനയുണ്ടെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് പറഞ്ഞു. ‘പരുക്കേറ്റവർ ഉടൻ സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കുട്ടികളെ നഷ്ടപ്പെട്ട കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നു’. ഓരോ കുടുംബത്തിനും 4 ലക്ഷം രൂപ വീതം സർക്കാർ സഹായം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.