മാന്നാർ: ബുധനൂർ കുന്നത്തൂർ കുളങ്ങര ദേവീക്ഷേത്രത്തിലെ കാണിക്കവഞ്ചികൾ കുത്തിത്തുറന്ന് പണം അപഹരിച്ചു. നാല് കാണിക്കവഞ്ചികളാണ് പൂട്ടു പൊളിച്ച് പണം മോഷ്ടിച്ചത്.
ക്ഷേത്രത്തിന്റെ ഗേറ്റിന്റെ തൂണിൽ സ്ഥാപിച്ചിരുന്ന കാണിക്കവഞ്ചി, ആന കൊട്ടിൽ, സോപാനപ്പടി, യക്ഷിയമ്പലം എന്നിവിടങ്ങളിലെ കാണിക്ക വഞ്ചികളാണ് കുത്തിത്തുറന്ന് പണം അപഹരിച്ചിരിക്കുന്നത്. ഈ കാണിക്ക വഞ്ചികളെല്ലാം കോൺക്രീറ്റ് ചെയ്ത് ഉറപ്പിച്ചവ ആയിരുന്നു.
കോൺക്രീറ്റ് തകർത്ത ശേഷമാണ് വഞ്ചികൾ കുത്തിത്തുറന്നിരിക്കുന്നത്.നവാഹ യജ്ഞം നടക്കുന്നതിനാൽ രാത്രി 10 മണി വരെ ക്ഷേത്രത്തിൽ ആളുണ്ടായിരുന്നു. ഒരു മണിയോടെയാണ് മോഷ്ടാവ് അകത്തുകയറിയതെന്നാണ് പ്രാഥമിക വിവരം. മോഷ്ടാവിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. മോഷ്ടാവിനെ തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു.
ചെങ്ങന്നൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ അടുത്തിടെ നടന്ന മോഷണത്തിൽ ഇയാൾ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ഈ മാസം ആറാം തീയതിയാണ് അവസാനമായി വഞ്ചികളിൽ നിന്നു പണം ക്ഷേത്ര ഭരണസമിതി എടുത്തത്.
നാലു വഞ്ചികളിൽ നിന്നായി പതിനായിരം രൂപയോളം നഷ്ടപ്പെട്ടിട്ടുണ്ടാകാം എന്ന് പ്രസിഡന്റ് എം.കെ ശ്രീകുമാർ പറഞ്ഞു. വിരലയാള വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. ബുധനൂർ പടിഞ്ഞാറ്, ബുധനൂർ കിഴക്ക് കരക്കാരുടെ വകയാണ് ക്ഷേത്രം.