തൃശൂർ: പത്തുരൂപ കോയിനാണോ, ഇങ്ങോട്ടു തൽക്കാലം കൊണ്ടുവരേണ്ടെന്ന് ബാങ്കുദ്യോഗസ്ഥരുടെ ഉപദേശം. ആവശ്യക്കാരുണ്ടെങ്കിൽ അവർക്ക് കൊടുക്കാനാണ് നിർദ്ദേശിക്കുന്നത്. പത്തുരുപ കോയിനുകൾ രണ്ടായിരവും അതിലധികവുമൊക്കെ കിട്ടുന്ന വ്യാപാരികളും മറ്റു സ്ഥാപനക്കാരുമാണ് കിട്ടിയ പണം ബാങ്കിലടയ്ക്കാൻ ചെല്ലുന്പോൾ ബാങ്കുദ്യോഗസ്ഥൻമാരുടെ ഉപദേശം. തൽക്കാലം ഇതെവിടെങ്കിലും കൊണ്ടുപോയി കൊടുത്തോ, ഇവിടെ ലക്ഷക്കണക്കിന് രൂപയുടെ പത്തുരൂപ കോയിനുകളാണ് കെട്ടികിടക്കുന്നതെന്നാണ് ബാങ്കുകാരുടെ സങ്കടം.
എന്തായാലും പത്തുരൂപ കോയിനുകൾ തലവേദനയായി മാറിയിരിക്കയാണെന്നാണ് പറയുന്നത്. പക്ഷേ ചില്ലറ ക്ഷാമം രൂക്ഷമാണെന്നും പറയുന്നു. ബാങ്കുകളിൽ ചെന്നാൽ ആവശ്യക്കാർക്ക് പത്തു രൂപയുടെ കോയിനുകൾ കിട്ടും. പക്ഷേ ആർക്കും വേണ്ടെന്നാണ് പറയുന്നത്. ബാങ്കിൽ പണമെടുക്കാൻ വരുന്നവർക്ക് പത്തു രൂപയുടെ കോയിനുകൾ കൊടുത്താൽ വേണ്ടെന്നു പറയും. പിന്നെ എവിടെ ഇതു കൊണ്ടുപോയി കൊടുക്കുമെന്ന ആലോചനയിലാണ് ബാങ്കുദ്യോഗസ്ഥർ.
ഇതിനിടെ വ്യാപാരം നടത്തിയും മറ്റും കിട്ടുന്ന കോയിനുകൾ കൂടി കൊണ്ടുവരുന്പോൾ സ്വാഭാവികമായും എടുക്കില്ലെന്ന് പറയാനാണ് ഉദ്യോഗസ്ഥർ ശ്രമിക്കുകയെന്ന് ബാങ്കധികാരികൾ പറഞ്ഞു. റിസർവ് ബാങ്കിന്റെ പ്രത്യേക നിർദ്ദേശപ്രകാരം പത്തു രൂപ കോയിനുകൾ പരമാവധി ബാങ്കുകളിൽ സൂക്ഷിക്കാതെ ആളുകൾക്ക് നൽകണമെന്നാണ് . അതിനാലാണ് ബാങ്കിലേക്കു കൊണ്ടുവരുന്ന പത്തുരൂപ കോയിനുകൾ വാങ്ങിക്കാത്തതത്രേ.
പുറത്ത് പത്തുരൂപ കോയിനുകൾ ക്ഷാമമാണെന്നാണ് റിസർവ് ബാങ്കിന് ലഭിച്ചിരിക്കുന്ന റിപ്പോർട്ട്. ഇതിനാലാണ് പത്തുരൂപയുടെ കോയിനുകൾ പരമാവധി ബാങ്കിൽ നിന്ന നൽകാൻ നിർദ്ദേശം നൽകിയിരിക്കുന്നത്. ബാങ്കുകൾ പത്തുരൂപ തിരികെ വാങ്ങാത്തതും ഇതുതന്നെയാകും കാരണംഇതിനിടെ അഞ്ചു രൂപയുടെ കോയിനുകളാകട്ടെ പുറത്തും ക്ഷാമമാണെന്നു പറയുന്നു.
ബാങ്കുകളിലും അഞ്ചു രൂപയുടെ കോയിനുകൾ കൂടുതൽ ചോദിച്ചാൽ ഇല്ല. പകരം പത്തു രൂപയുടെ കോയിനുകൾ എത്ര വേണമെങ്കിലും തരാമെന്നാണ് മറുപടി. പത്തു രൂപ നോട്ടു പോലെ കോയിനുകൾ കൂടുതൽ സൂക്ഷിക്കാൻ കഴിയാത്ത വിധം കനമുള്ളതിനാലാണ് പലരും പത്തു രൂപ കോയിനുകൾ വേണ്ടെന്നു പറയുന്നത്.
പത്തു രൂപയുടെ 100 നോട്ടുകൾ പോക്കറ്റിലിടാം. എന്നാൽ കോയിനുകളാണെങ്കിൽ ചെറിയ സഞ്ചി വേണ്ടിവരും കൊണ്ടു പോകാൻ. പത്തു രൂപ കോയിനുകൾ ക്രിയവിക്രയം നടത്താൻ ബുദ്ധിമുട്ടുണ്ടെന്ന റിപ്പോർട്ടുകൾ ബാങ്കുകൾ നൽകിയിട്ടുണ്ടെന്നാണ് സൂചന. ഇത് ഗൗരവത്തിലെടുത്താൽ പത്തു രൂപ കോയിനുകൾ പിൻവലിക്കാനും സാധ്യതയുണ്ടെന്നു പറയുന്നു.