ന്യൂഡൽഹി: അമ്മയുടെയും സുഹൃത്തിന്റെയും പീഡനത്തിൽ സഹികെട്ട് പത്തുവയസുകാരി വീടുവിട്ടിറങ്ങി. തെരുവിൽ അലഞ്ഞുതിരിഞ്ഞ് നടന്ന പെൺകുട്ടിയെ ശ്രദ്ധപ്പെട്ട ചിലർ ഡൽഹി പോലീസിൽ ഏൽപ്പിച്ചപ്പോഴാണ് പെൺകുട്ടിയുടെ ഞെട്ടിക്കുന്ന കഥ പുറത്തറിയുന്നത്.
പെൺകുട്ടിയുടെ അച്ഛൻ നാല് വർഷങ്ങൾക്ക് മുൻപ് മരിച്ചിരുന്നു. ശേഷം അമ്മയുടെ മാതാപിതാക്കൾക്കൊപ്പമാണ് പെൺകുട്ടിയും 13 വയസുള്ള സഹോദരനും താമസിച്ചിരുന്നത്. എന്നാൽ ഇവരുടെ അമ്മ ഗാസിയാബാദിലേക്ക് ഒരു വർഷം മുൻപ് കുട്ടികളെ കൂട്ടിക്കൊണ്ടുപോയി.
ഭർത്താവ് മരിച്ചതിന് ശേഷം ലൈംഗിക തൊഴിൽ ചെയ്താണ് ഇവർ കഴിഞ്ഞിരുന്നത്. പലതവണ ഇവരുടെ പുരുഷ സുഹൃത്ത് പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചിരുന്നു. ഇത് പുറത്തുപറയാതിരിക്കാൻ അമ്മയും കുട്ടിയെ ഉപദ്രവിച്ചു. കൂടാതെ വലുതാകുമ്പോൾ ലൈംഗിക തൊഴിൽ ചെയ്യണമെന്ന് കുട്ടിയെ നിർബന്ധിക്കുകയും ചെയ്തു.
തുടർന്ന് അമ്മയുടെയും സുഹൃത്തിന്റെയും പീഡനം സഹിക്കാൻ കഴിയാതെ വന്നതോടെ പെൺകുട്ടി വീടുവിട്ടിറങ്ങി. അമ്മയുടെ സുഹൃത്ത് പെൺകുട്ടിയുടെ സഹോദരനെയും ഉപദ്രവിക്കുമായിരുന്നു. സഹോദരനും നേരത്തെ വീട് ഉപേക്ഷിച്ചു പോയി.
പെൺകുട്ടിയെ ശിശുക്ഷേമ സമിതിക്കു കൈമാറി. ശിശുക്ഷേമ സമിതി നടത്തിയ വൈദ്യ പരിശോധനയിൽ പെൺകുട്ടി ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്നും കണ്ടെത്തി. സംഭവത്തിൽ പെൺകുട്ടിയുടെ അമ്മയും സുഹൃത്തും അറസ്റ്റിലായിട്ടുണ്ട്. തന്നെ ഉപദ്രവിച്ച ഡൽഹി സ്വദേശി രാജുവിനെ പെൺകുട്ടി തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു.