ആറ്റിങ്ങൽ: വീട്ടിനു മുൻവശത്തെ തെങ്ങിൽ മരുന്നു തളിയ്ക്കാൻ കയറിയ ഉടമ ഇറങ്ങാനാവാതെ മടലുകൾക്കിടയിൽ കുടുങ്ങി. വിവരമറിഞ്ഞെത്തിയ ഫയർഫോഴ്സ് ഇദ്ദേഹത്തെ രക്ഷിച്ചു. ആറ്റിങ്ങൽ പാലസ് റോഡ് ആവണീശ്വരം ക്ഷേത്രത്തിനു സമീപം തിരുമംഗലത്തു വീട്ടിൽ കെ.രാജൻ ( 63) ആണ് തെങ്ങിന്റെ മുകളിൽ കുടുങ്ങിയത്.
ഇന്നലെ വൈകുന്നേരം 5.30 ഓടെയാണ് സംഭവം. ഏണിവച്ചാണ് ഇദ്ദേഹം മൂന്നു മീറ്ററോളം പൊക്കമുള്ള തെങ്ങിൽ മരുന്നു തളിയ്ക്കാൻ കയറിയത്. ഏണിയുടെ പഴുത് ഇളകി പോയതിനാലാണ് ഇറങ്ങാനാവാതെ കുടുങ്ങിയത്. ആറ്റിങ്ങൽ ഫയർഫോഴ്സിലെ ലീഡിംഗ് ഫയർമാൻ ഹരീഷ്കുമാറിന്റെ നേതൃത്വത്തിൽ എത്തിയ ഫയർമാൻ അനീഷാണ് ഇയാളെ രക്ഷിച്ച് താഴെ ഇറക്കിയത്.