റാക്കറ്റില്‍ പുതിയ ഉദയങ്ങള്‍

tennies2016 പടിയിറങ്ങുമ്പോള്‍ വമ്പന്‍ താരങ്ങളുടെ അസ്തമയത്തി നും അവരുടെ പകിട്ടില്‍ ഒളിമങ്ങിയ താരങ്ങളുടെ ഉദയ ത്തിനുമാണ് ലോക ടെന്നീസ് സാക്ഷ്യം വഹിക്കുന്നത്. ഒന്നാം നമ്പര്‍ പട്ടം തിരിച്ചുപിടിക്കാന്‍ സെര്‍ബിയന്‍ താരം നൊവാ ക് ജോക്കോവിച്ചും ബ്രിട്ടീഷ് താരം ആന്‍ഡി മുറെയും തമ്മിലുള്ള വാശിയേറിയ പോരാട്ടത്തിനാണ് 2017ല്‍ കളമൊരുങ്ങുന്നത്. 2016ന്റെ ആദ്യപകുതിയില്‍ കാതങ്ങള്‍ മുന്നിലായിരുന്ന ജോക്കോവിച്ചിനെ അവിശ്വസനീയമായ തുടര്‍വിജയങ്ങളിലൂടെയാണ് മുറെ മറികടന്നത്. 35ാം വയസിലും ശൗര്യം ഒട്ടും കുറയാതെ ഇതിഹാസ താരം റോജര്‍ ഫെഡററും കോര്‍ട്ടില്‍ മടങ്ങിയെത്തുന്നതോടെ ടെന്നീസ് കോര്‍ട്ടില്‍ പോരിന് മൂര്‍ച്ച കൂട്ടും. കാല്‍മുട്ടിനേറ്റ പരിക്കു മൂലം ആറു മാസമായി വിശ്രമത്തിലായിരുന്നു ഫെഡറര്‍. കളിമണ്‍കോര്‍ട്ടിലെ ഹീറോ റാഫേല്‍ നദാലിനും 2016 മറക്കാനാഗ്രഹിക്കുന്ന വര്‍ഷമാണ്. പരിക്കും മോശം ഫോമും ഈ വര്‍ഷം നദാലിനെ ഏറെ പിന്നോട്ടടിച്ചു.

തലമുറ കൈമാറ്റത്തിന്റെ വര്‍ഷം

ടെന്നീസില്‍ തലമുറ മാറ്റത്തിന്റെ വര്‍ഷമാണ് കടന്നു പോകുന്നത്. റോജര്‍ ഫെഡറര്‍ ഏറെ നാള്‍ അടക്കി വാണ കോര്‍ട്ടില്‍ റാഫേല്‍ നദാല്‍ വെന്നിക്കൊടി നാട്ടിയ ശേഷം 2015ല്‍ നൊവാക് ജോക്കോവിച്ച് മൂന്നു ഗ്രാന്‍ഡ്സ്ലാമുകള്‍ തുടര്‍ച്ചയായി വിജയിച്ച് ഒന്നാം നമ്പര്‍ പട്ടം സ്വന്തമാക്കിയിരുന്നു. 2016ന്റെ തുടക്കവും സെര്‍ബിയന്‍ താരത്തിന്റെ ജൈത്രയാത്രയ്ക്കാണ് സാക്ഷ്യംവഹിച്ചത്. ഫെഡററുടെ മുന്നില്‍ എന്നും കീഴടങ്ങിയിരുന്ന ജോക്കോവിച്ച് 2015ല്‍ സ്വിസ് താരത്തെ പരാജയപ്പെടുത്തിയാണ് യുഎസ് ഓപ്പണിലും വിംബിള്‍ഡണിലും കിരീടത്തില്‍ മുത്തമിട്ടത്.

2016ലെ ആദ്യ പോരാട്ടമായ ഓസ്‌ട്രേലിയന്‍ ഓപ്പണിലും ജോക്കോവിച്ച് ആന്‍ഡി മുറെയെ തോല്‍പ്പിച്ച് കിരീടം സ്വന്തമാക്കി. ഫ്രഞ്ച് ഓപ്പണിലും മുറെയെ കാത്തിരുന്നത് ഫൈനലിലെ തോല്‍വി. അതും ജോക്കോവിച്ചിനോടു തന്നെ. ഇവാന്‍ ലെന്‍ഡല്‍ മുറെയുടെ പരിശീലക കുപ്പായത്തില്‍ വന്നതു മുറെയുടെ മുന്നേറ്റത്തിനു നാന്ദി കുറിച്ചു. 2013നു ശേഷം, ടെന്നീസിലെ ഏറ്റവും വലിയ കിരീടങ്ങളിലൊന്നായി വാഴ്ത്തപ്പെടുന്ന വിംബിള്‍ഡണ്‍ കിരീടം നേടി മുറെ സ്വന്തം നാട്ടുകാര്‍ക്കു മുന്നില്‍ വീരപുരുഷനായി.

ഇനി മുറെയുടെ കാലം

24 മത്സരങ്ങളില്‍ തോല്‍വിയറിയാതെയുള്ള കുതിപ്പാണ് ജോക്കോവിച്ചിനെ മറികടന്നു മുറെയെ ലോക ഒന്നാം നമ്പര്‍ പട്ടത്തിലേക്കെത്തിച്ചത്. റിയോ ഒളിമ്പിക്‌സില്‍ സ്വര്‍ണ മെഡല്‍ കരസ്ഥമാക്കി മുറെ രണ്ടു വട്ടം ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടുന്ന ആദ്യതാരമായി മാറി. 1969നു ശേഷം കലണ്ടര്‍ ഗ്രാന്‍ഡ്സ്ലാം നേടുന്ന മൂന്നാമത്തെ താരമായി മാറി. ജോക്കോവിച്ചിന്റെ പ്രഭാവത്തിനു വലിയ മങ്ങലേറ്റില്ലെങ്കിലും വിംബിള്‍ഡണില്‍ മൂന്നാം റൗണ്ടില്‍ പുറത്തായത് സെര്‍ബിയന്‍ താരത്തിന്റെ ഗ്രാഫ് പിന്നോട്ടാണെന്നതിന് തെളിവായി. റിയോയിലും ജോക്കോവിച്ചിനു നേരിടേണ്ടി വന്നത് കനത്ത തിരിച്ചടി. അര്‍ജന്റീനിയന്‍ താരമായ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പെട്രോയോട് ആദ്യറൗണ്ടില്‍ ജോക്കോവിച്ച് മുട്ടുമടക്കി. അവസാനം യുഎസ് ഓപ്പണില്‍ ഫൈനല്‍ വരെ എത്തിയെങ്കിലും അവിടെയും വാവ്‌റിങ്കയ്ക്കു മുന്നില്‍ അടിപതറി. 2016ല്‍ അഞ്ചു കിരീടവിജയങ്ങളാണ് മുറെ നേടിയെടുത്തത്. എന്നാല്‍, ഗ്രാന്‍ഡ്സ്ലാം കിരീടം വിംബിള്‍ഡണില്‍ ഒതുങ്ങി.

ഇനി ഉണ്ടാവുമോ ഒരു ഫെഡറര്‍ വസന്തകാലം

ടെന്നീസ് കോര്‍ട്ടില്‍ ഏറെ നാള്‍ ചോദ്യം ചെയ്യപ്പെടാത്ത ശക്തിയായിരുന്നു സ്വിസ് താരം റോജര്‍ ഫെഡറര്‍. പവര്‍ ഗെയിമിനു പകരം സുന്ദരമായ ചുവടുകള്‍ കൊണ്ട് കോര്‍ട്ടുകളെ കോരിത്തരിപ്പിച്ച ഫെഡറര്‍ക്ക് ഏറ്റവും തിരിച്ചടിയേറ്റ വര്‍ഷമായിരുന്നു 2016. 17 വട്ടം ഗ്രാന്‍ഡ്സ്ലാം വിന്നറായ ഫെഡറര്‍ 16ാം റാങ്കിംഗിലേക്കു കുപ്പുകുത്തി.

2001നു ശേഷം ഫെഡററുടെ ഏറ്റവും മോശം റാങ്കിംഗാണ് ഇത്. 2000ത്തിന് ശേഷം ഒരു കിരീടം പോലും നേടാനാവാത്ത വര്‍ഷം കൂടിയാണ് ഫെഡററെ കാത്തിരുന്നത്.

കാല്‍മുട്ടിനേറ്റ പരിക്കു മൂലം ആറ് മാസമായി കളത്തിനു പുറത്താണ് ഫെഡറര്‍. പുതുവര്‍ഷ ദിനത്തില്‍ ആരംഭിക്കുന്ന ഹോപ്മാന്‍ കപ്പില്‍ തിരിച്ചുവരവിനൊരുങ്ങുമ്പോള്‍ പോയകാലത്തെ വസന്തം തിരിച്ചുപിടിക്കാനുറച്ചാകും സ്വിസ് താരത്തിന്റെ പോരാട്ടം.

സ്പാനിഷ് പവര്‍ സ്റ്റാറും ഒരുങ്ങുന്നു

മണ്‍കോര്‍ട്ടില്‍ അഞ്ചു കിരീടങ്ങള്‍ തുടര്‍ച്ചയായി നേടിയാണ് സ്പാനിഷ് താരം റാഫേല്‍ നദാല്‍ ചരിത്രപുസ്‌കത്തില്‍ ഇടം നേടിയത്. വര്‍ഷാവസാന റാങ്കിംഗില്‍ ഒമ്പതാം സ്ഥാനത്താണ് റാഫ കളി അവസാനിപ്പച്ചത്.

2016ലെ ഫ്രഞ്ച് ഓപ്പണില്‍ കൈക്കുഴയ്‌ക്കേറ്റ പരിക്ക് മൂലം റൊളാംഗ് ഗാരോയില്‍ രണ്ടാം റൗണ്ടില്‍ത്തന്നെ കളി അവസാനിപ്പിക്കേണ്ടി വന്നതും നദാലിനു തിരിച്ചടിയായി. വിംബിള്‍ഡണും പരിക്കു മൂലം നദാലിനു നഷ്ടമായപ്പോള്‍ ഈ വര്‍ഷത്തെ നദാലിന്റെ നേട്ടം റിയോ ഒളിമ്പിക്‌സില്‍ ഡബിള്‍സില്‍ സ്വര്‍ണം നേടാനായതു മാത്രമാണ്. 2017ല്‍ മികച്ച ഒരു തിരിച്ചുവരവാകും നദാലും സ്വപ്നം കാണുന്നത്.

കെര്‍ബറുടെ കുതിപ്പ്

വനിതാ വിഭാഗത്തില്‍ സെറീന വില്യംസിന്റെ അപ്രമാദിത്വത്തിനു തിരിച്ചടിയേറ്റവര്‍ഷം കൂടിയാണ് 2016. വിംബിള്‍ഡണില്‍ മാത്രമാണ് അമേരിക്കന്‍ താരം സെറീനയ്ക്കു കിരീടം നേടാനായത്. ഓസ്‌ട്രേലിയന്‍ ഓപ്പണിലും യുഎസ് ഓപ്പണിലും കിരീടം നേടി ജര്‍മന്‍ താരം ആഞ്ചലിക് കെര്‍ബറാണ് വര്‍ഷാവസാനത്തില്‍ സെറീനയെ മറികടന്ന് ഒന്നാം സ്ഥാനത്തു നിലയുറപ്പിച്ചത്. ടെന്നീസ് സൗന്ദര്യറാണിയെന്നു വിശേഷപ്പിച്ചിരുന്ന റഷ്യന്‍ സ്റ്റാര്‍ മരിയ ഷറപ്പോവയ്ക്ക് നിരോധിത മരുന്ന് ഉപയോഗത്തിന്റെ പേരില്‍ വിലക്കു വന്നതും വനിതാ ടെന്നീസ് 2016 സാക്ഷ്യം വഹിച്ചു.

ഏഴാം വിംബിള്‍ഡണ്‍ കിരീടം കൈപ്പിടിയിലൊതുക്കിയ സെറീന മറ്റൊരു റിക്കാര്‍ഡ് കൂടി സ്വന്തം പേരില്‍ കുറിച്ചു. ഇതിഹാസ താരം സ്‌റ്റെഫി ഗ്രാഫിന്റെ 22 സ്ലാമുകള്‍ നേടിയതിന് ഒപ്പമെത്താന്‍ വിംബിള്‍ഡണ്‍! കിരീട നേട്ടത്തിലൂടെ സെറീനയ്ക്കു സാധിച്ചു. 186 ആഴ്ചകള്‍ കൈയില്‍ ഭദ്രമായി കാത്ത ഒന്നാം നമ്പര്‍ വിട്ടുനല്‍കേണ്ടി വന്നതാണ് സെറീനയ്ക്ക് ഏറെ തിരിച്ചടി നല്‍കിയത്. വെനസ്വേലയില്‍ നിന്നുള്ള ഇരുപത്തിമൂന്നുകാരി ഗാര്‍ബീനെ! മുഗുരുസ സെറീനയെ പരാജയപ്പെടുത്തി ഫ്രഞ്ച് ഓപ്പണ്‍ കിരീടം സ്വന്തമാക്കി.

ഇന്ത്യക്കും അഭിമാനിക്കാം

ടെന്നീസില്‍ ലിയാന്‍ഡര്‍ പെയ്‌സ് മഹേഷ് ഭൂപതി എന്നീ രണ്ടു പേരില്‍ മാത്രം ഒതുങ്ങി നിന്ന ഇന്ത്യന്‍ മുന്നേറ്റങ്ങള്‍ക്കു മറ്റൊരു പേര് കൂടെ അവകാശം നേടിയെടുത്തു. വര്‍ഷങ്ങളായി ടെന്നീസ് കോര്‍ട്ടിലുണ്ടെങ്കിലും സാനിയ മിര്‍സ എന്ന ഇന്ത്യന്‍ സൂപ്പര്‍താരത്തിന്റെ പേരിലാണ് കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ ഇന്ത്യയെ ടെന്നീസ് ലോകത്ത് അടയാളപ്പെടുത്തിയത്. ഒരു ഗ്രാന്‍ഡ്സ്ലാം ഉള്‍പ്പടെ ഒമ്പത് കിരീടങ്ങളാണ് സാനിയ ഡബിള്‍സില്‍ സ്വന്തമാക്കിയത്.

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നേടിയ സാനിയ ഹിംഗിസ് സഖ്യം ആറു കിരീടങ്ങള്‍ 2016ല്‍ സ്വന്തമാക്കി. സഖ്യം ആകെ മൂന്നു ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളിലാണ് ആകെ പങ്കാളികളായത്. 41 കളികളില്‍ തോല്‍വിയറിയാതെ കുതിച്ച സാനിയ ഹിംഗിസ സഖ്യം വേര്‍പിരിഞ്ഞത്. പിന്നീട് ബാര്‍ബോറ സ്ട്രിക്കോവയ്‌ക്കൊപ്പം രണ്ടു കിരീടങ്ങളും സ്വന്തമാക്കാന്‍ സാനിയയ്ക്കു സാധിച്ചു. അതിലുപരി മിക്‌സഡ് ഡബിള്‍സ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തിയ ആദ്യ ഇന്ത്യന്‍ താരമായി മാറാനും സാനിയയ്ക്കു സാധിച്ചു.

Related posts