അജിത് ജി. നായര്
പുരസര്ല വെങ്കട്ട സിന്ധു എന്ന പി. വി. സിന്ധുവിനെ ഇന്ത്യന് ബാഡ്്മിന്റണിലെ ഝാന്സി റാണി എന്നുവേണം വിശേഷിപ്പിക്കാന്. കരോളിനാ മാരിനെ നേരിട്ടുള്ള ഗെയിമുകള്ക്ക് വീഴ്ത്തി ഇന്ത്യന് ഓപ്പണ് നേടിയ ആ വീര്യത്തെ ഇതില് നന്നായി എങ്ങനെ അനുമോദിക്കണം. ഈ വിജയത്തോടെ ലോകറാങ്കിംഗില് രണ്ടാമതെത്താനും ഈ ഹൈദരാബാദുകാരിക്കായി. മാരിനെതിരായ തോല്വി ഒരു പകരം വീട്ടലായിരുന്നു. റിയോയില് തന്നെ തോല്പ്പിച്ചു സ്വര്ണം നേടിയതിനുള്ള മധുരപ്രതികാരമായിരുന്നു ഈ വിജയം.
പി.വി. സിന്ധുവിനെ സൈന നെഹ്വാളില് നിന്നും വ്യത്യസ്്തയാക്കുന്നതും ഈ ആക്രമണ വീര്യം തന്നെ. തുടക്കത്തില് സൈനയുടെ പാതയിലൂടെ തന്നെയായിരുന്നു സിന്ധുവിന്റെ സഞ്ചാരവും. ഇരുവരും ഹൈദരാബാദിലെ പുല്ലേല ഗോപീചന്ദ് അക്കാദമിയില് നിന്നും വളര്ന്നു വന്ന താരങ്ങള്. സൈന പിന്നീട് ഗോപിചന്ദിനെ വിട്ട് വിമല് കുമാറിന്റെ ശിഷ്യത്വം സ്വീകരിച്ചെങ്കിലും നന്ദികേടുകാണിക്കാന് സിന്ധു തയാറായില്ല.
മംഗോളിയന് വംശജർ ആധിപത്യം പുലര്ത്തിയിരുന്ന ബാഡ്മിന്റണില് ഒളിമ്പിക് മെഡല് എന്നു പറയുന്നത് ഇന്ത്യാക്കാര്ക്ക് സ്വപ്നം പോലും കാണാന് കഴിയാത്തതായിരുന്നു. ആ സ്വപ്നമാണ് സിന്ധു യാഥാര്ഥ്യമാക്കിയത്. റിയോയില് നിന്ന് വെള്ളി മെഡലുമായി നാട്ടിലെത്തിയ സിന്ധുവിന് വന് സ്വീകരണമാണ് തെലുങ്കാനാ സര്ക്കാര് ഏര്പ്പെടുത്തിയത്.
പുല്ലേല ഗോപിചന്ദിനെ മാറ്റി പുതിയ വിദേശ കോച്ചിനെ സര്ക്കാര് ചെലവില് വയ്ക്കാമെന്ന വാഗ്ദാനം സന്തോഷപൂര്വം സിന്ധു നിരസിക്കുകയായിരുന്നു. തന്റെ നേട്ടത്തിനു കാരണക്കാരന് ഗോപി സാറാണെന്നു പറയാന് ഒരിടത്തും സിന്ധു മടികാണിച്ചതുമില്ല. ഒളിമ്പിക് മെഡല് പരസ്യക്കമ്പനികളുടെ ഇഷ്ടതാരമാക്കി സിന്ധുവിനെ മാറ്റി.
സൈനയെ അപേക്ഷിച്ച് വളരെ ചെറുപ്പത്തില് തന്നെ ലോകത്തെ മുന്നിര താരങ്ങളെ തോല്പിക്കാന് സിന്ധുവിനു കഴിഞ്ഞു. 1.79 മീറ്റര് ഉയരവും സിന്ധുവിന്റെ പല വിജയങ്ങളിലും നിര്ണായകമായി. കരുത്തുറ്റ സ്മാഷുകളുതിര്ക്കാന് സിന്ധുവിനെ സഹായിക്കുന്നത് ഈ ഉയരമാണ്.
ഇന്ത്യന് ഓപ്പണിലെ വിജയത്തോടെ ലോക ഒന്നാം നമ്പര് കരോളിനാ മാരിനുമായുള്ള നേര്ക്കു നേര് പോരാട്ടങ്ങളില് 5-5ന്് തുല്യത പാലിക്കാനും സിന്ധുവിനായി. ലീ ഷൂറേയി, വാങ് യിഹാന്, ഷീസിയാന് വാങ്, രത്നനോക്ക് ഇന്റനോണ് തുടങ്ങിയ ലോക മുന്നിരതാരങ്ങള്ക്കെല്ലാം എതിരെ താരതമ്യേന മെച്ചപ്പെട്ട റിക്കാര്ഡാണ് സിന്ധുവിനുള്ളത്.
2011ലെ കോമണ്വെല്ത്ത് യൂത്ത് ഗെയിംസില് സിംഗിള്സ് സ്വര്ണം നേടുന്നതോടെയാണ് സിന്ധു ശ്രദ്ധിക്കപ്പെടാന് തുടങ്ങിയത്.2012ല് ജപ്പാന്റെ നവോമി ഒകുഹാരയെ പരാജയപ്പെടുത്തി ഏഷ്യാ യൂത്ത് അണ്ടര്-19 ചാമ്പ്യന്ഷിപ്പില് ജേതാവായി. തുടര്ന്നു നടന്ന ലി നിംഗ് ചൈനാ മാസ്റ്റേഴ്സില് റിയോ ഒളിമ്പിക്സിലെ സ്വര്ണമെഡല് ജേതാവ് ലീ ഷൂറേയിയെ അട്ടിമറിച്ച് ഏവരെയും ഞെട്ടിച്ചു.
16 വയസു മാത്രമായിരുന്നു അന്ന് സിന്ധുവിന്റെ പ്രായം. അതേ വര്ഷം തന്നെ ഒരു സെറ്റു പോലും നഷ്ടമാകാതെ സയ്യിദ് മോദി ഗോള്ഡ് ഗ്രാന്പ്രീയുടെ ഫൈനലിലെത്തിയെങ്കിലും ഫൈനലില് കടുത്ത പോരാട്ടത്തിനൊടുവില് ഇന്തോനേഷ്യയുടെ ലിന്ഡാ വെനി ഫനേത്രിയോടു പരാജയപ്പെടാനായിരുന്നു വിധി. എങ്കിലും വര്ഷാവസാനത്തോടെ ലോകറാങ്കിംഗില് 15-ാം സ്ഥാനത്തെത്താനായി.
മലേഷ്യന് ഓപ്പണ് കിരീടത്തോടെയാണ് സിന്ധു 2013 സീസണ് ആരംഭിച്ചത്. ഇതായിരുന്നു കരിയറിലെ ആദ്യ ഗ്രാന്പ്രീ ഗോള്ഡ് കിരീടം. 2013ലെ ലോകചാമ്പ്യന്ഷിപ്പിന്റെ പ്രീക്വാര്ട്ടറില് അന്നത്തെ ലോക രണ്ടാം നമ്പര്താരം വാങ് യിഹാനെ അട്ടിമറിച്ചു കൊണ്ടാണ് സിന്ധു ക്വാര്ട്ടറിലെത്തിയത്.
തൊട്ടടുത്ത ക്വാര്ട്ടറില് ചൈനയുടെ തന്നെ ഷി സിയാന് വാങിനെ തോല്പിച്ചു കൊണ്ട് ലോകചാമ്പ്യന്ഷിപ്പില് സിംഗിള്സ് സ്വര്ണം നേടുന്ന ആദ്യ ഇന്ത്യാക്കാരി എന്ന നേട്ടം സ്വന്തമാക്കി. ഇതേ വര്ഷം തന്നെ അര്ജുന അവാര്ഡും സിന്ധുവിനെ തേടിയെത്തി. 2014ലെ ലോക ചാമ്പ്യന്ഷിപ്പിലും സിന്ധു വെങ്കലവുമായി മടങ്ങി. 2013, 2014, 2015 വര്ഷങ്ങളില് മക്കാവു ഓപ്പണ് നേടി മക്കാവുവില് ഹാട്രിക് കിരീടം നേടുന്ന ആദ്യ താരമായി.
2016ലെ റിയോ ഓപ്പണില് വെള്ളി മെഡല് നേടിയതോടെ രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്രത്നയും സിന്ധുവിനെ തേടിയെത്തി. ഇപ്പോള് ലോക റാങ്കിംഗില് രണ്ടാം സ്ഥാനവും. ഇനി സൈനയ്ക്കു ശേഷം ലോകറാങ്കിംഗില് ഒന്നാമതെത്തുന്ന ഇന്ത്യന് വനിത എന്ന നേട്ടത്തിലേക്കായിരിക്കും സിന്ധു സ്മാഷ് പായിക്കുക. 21 വയസിനുള്ളില് ഇത്രയധികം നേട്ടങ്ങള് സ്വന്തമാക്കിയ സിന്ധുവിനതു കഴിയുമെന്നതില് രാജ്യമെമ്പാടുമുള്ള ബാഡ്മിന്റണ് പ്രേമികള്ക്ക് സംശയമില്ല.