ടെന്‍ഷനും പുകവലിയും പിന്നെ, മുടികൊഴിച്ചിലും!

Tension

ഏതു പ്രായത്തിലുള്ളവരെയും അലട്ടുന്ന പ്രശ്‌നമാണ് മുടികൊഴിച്ചില്‍. പ്രത്യേകിച്ചും കൗമാരക്കാരെയാണ് മുടികൊഴിച്ചിലില്‍ ഏറെ ആശങ്കപ്പെടുന്നത്.

മിക്കവരിലും ദിവസം 50 – 100 മുടിയിഴകള്‍ സ്വാഭാവികമായിത്തന്നെ കൊഴിയാറുണ്ട്. അതേസമയം തന്നെ പുതിയ മുടി കിളിര്‍ത്തുവരുന്നതിനാല്‍ തലയില്‍ മുടികുറയുന്നതായി തോന്നാറില്ല. വാസ്തവത്തില്‍ മുടികൊഴിച്ചിലിന്റെ യഥാര്‍ഥ കാരണം പൂര്‍ണമായി വ്യക്തമല്ല. പാരമ്പര്യം, ഹോര്‍മോണ്‍ വ്യതിയാനം, രോഗാവസ്ഥ, മരുന്നുകളുടെ ഉപയോഗം എന്നിവയെല്ലാം മുടികൊഴിച്ചിലിനു കാരണമാകുന്നതായി യുഎസിലുള്ള മേയോ ക്ലിനിക്കിലെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

ഹോര്‍മോണ്‍ വ്യതിയാനം താത്കാലികമായ മുടികൊഴിച്ചിലിനു കാരണമാകാറുണ്ട്. ഗര്‍ഭധാരണം, പ്രസവം, ആര്‍ത്തവവിരാമം എന്നിവയെല്ലാം ശരീരത്തിലെ വിവിധ ഹോര്‍മോണുകളുടെ അളവില്‍ കുറവുണ്ടാക്കുന്നു. ഹോര്‍മോണുകളെ നിയന്ത്രിക്കുന്നതില്‍ തൈറോയ്ഡ് ഗ്രന്ഥിക്കു പങ്കുള്ളതിനാല്‍ തൈറോയ്ഡ് പ്രശ്‌നങ്ങളും മുടികൊഴിച്ചിലിനു കാരണമാകുന്നു. തലയോട്ടിലുണ്ടാകുന്ന ചിലതരം ചര്‍മരോഗങ്ങളും മുടികൊഴിച്ചിലിന് ഇടയാക്കുന്നു.

കാന്‍സര്‍ ചികിത്സയായ കീമോ തെറാപ്പിയില്‍ ഉപയോഗിക്കുന്ന ചിലതരം മരുന്നുകള്‍, സന്ധിവാതം, ഡിപ്രഷന്‍ എന്നിവയ്ക്കുള്ള ചിലതരം മരുന്നുകള്‍, രക്തത്തിന്‍റെ കട്ടി കുറയ്ക്കാനുള്ള മരുന്നുകള്‍, ചിലതരം ആന്‍റിബയോട്ടിക്, ആന്‍റിഫംഗല്‍ മരുന്നുകള്‍ എന്നിവയും മുടികൊഴിച്ചിലിനു കാരണമാകുന്നു. എന്നാല്‍ ഡോക്ടറുടെ നിര്‍ദേശം കൂടാതെ ഇത്തരം മരുന്നുകള്‍ ഇടയ്ക്കുവച്ചു നിര്‍ത്തുകയോ ഡോസില്‍ കുറവു വരുത്തുകയോ ചെയ്യരുത്. വിറ്റാമിന്‍ എ അമിതമാകുന്നതും മുടികൊഴിച്ചിലിനു കാരണമാകുന്നതായി പഠനങ്ങളുണ്ട്.

തലയില്‍ നല്കുന്ന റേഡിയേഷന്‍ തെറാപ്പി സ്ഥിരമായ മുടികൊഴിച്ചിലിനു കാരണമാകുന്നു. കടുത്ത പനി, സര്‍ജറി തുടങ്ങിയവയ്ക്കുശേഷം സംഭവിക്കുന്ന മുടികൊഴിച്ചില്‍ താത്കാലികമാണ്.

മുടിയുടെ സൗന്ദര്യവും സ്‌റ്റൈലും മെച്ചപ്പെടുത്തുന്നതിനു വേണ്ടി ചെയ്യുന്ന ചിലതരം ഹെയര്‍ സ്‌റ്റൈലുകളും ചികിത്സകളും മുടികൊഴിച്ചിലിനു കാരണമാകാറുണ്ട്. അനാവശ്യമായി രാസപദാര്‍ഥങ്ങള്‍ മുടിയില്‍ ഉപയോഗിക്കുന്ന ശീലവും അപകടം. കെമിക്കലുകള്‍ മുടിയുടെ ബലം കുറയ്ക്കുന്നു. മുടി പൊട്ടിപ്പോകുന്നതിനും കൊഴിയുന്നതിനും ഇടയാക്കുന്നു. മുടിയില്‍ ഉപയോഗിക്കുന്ന ലോഷനുകളും നിറം നല്കുന്ന പദാര്‍ഥങ്ങളും മുടിയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു.

പ്രോട്ടീന്‍, ഇരുന്പ്, വിറ്റാമിന്‍ ബി കോംപ്ലക്‌സ്, ഇ, ഒമേഗ 3 ഫാറ്റി ആസിഡുകള്‍ എന്നിവയുടെ കുറവും മുടികൊഴിച്ചിലിനു കാരണമാകാറുള്ളതായി പഠനങ്ങളുണ്ട്. വിറ്റാമിനുകളുടെയും പോഷകങ്ങളുടെയും അഭാവമാണു മുടികൊഴിച്ചിലിനുള്ള പ്രധാനകാരണം. പുകവലിക്കുന്നവരില്‍ മുടികൊഴിച്ചിലിെന്‍റ തോതു കൂടുന്നതായി റിപ്പോര്‍ട്ടുണ്ട്.

ഹെയര്‍ ഫോളിക്കിളിള്‍ ദുര്‍ബലമാകല്‍, പോഷകാഹാരക്കുറവ്, പ്രമേഹം പോലെയുളള ചിലതരം രോഗങ്ങള്‍, മാനസിക സമ്മര്‍ദം, പെട്ടെന്നുണ്ടാകുന്ന കടുത്ത വൈകാരിക പിരിമുറുക്കം എന്നിവയെല്ലാം മുടികൊഴിച്ചിലിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നതായി വിദഗ്ധര്‍. മിക്കപ്പോഴും സ്്ത്രീകളെ അപേക്ഷിച്ചു പുരുഷന്മാരിലാണ് മുടികൊഴിച്ചില്‍ കൂടുതലായി കണ്ടുവരുന്നത്. മാനസികസമ്മര്‍ദം മുടിയുടെ നിറത്തെയും ബാധിക്കും. കടുത്ത മാനസിക സര്‍ദം(ടെന്‍ഷന്‍) പൊതുവെയുള്ള ആരോഗ്യത്തിനും ഗുണകരമല്ല. ക്ലോറിന്‍ കലര്‍ന്ന വെളളത്തില്‍ നീന്തുകയോ കുളിക്കുകയോ ചെയ്യുന്നതും മുടികൊഴിച്ചിലിന് കാരണമാകാറുണ്ട്.

Related posts