ചൈനയുടെ ദേശീയദിനം പ്രമാണിച്ച് രാജ്യമെങ്ങും ആഘോഷങ്ങളാണ്. അതോടൊപ്പം ഒരാഴ്ച നീണ്ട അവധിയും പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ വുഗോങ് മലനിരകള്‍ക്ക് മുകളില്‍ ടെന്റുകളില്‍ താമസിക്കാനെത്തുന്നവര്‍ നിരവധിയാണ്.
സൂര്യോദയവും മേഘപാളികളും ആസ്വദന വിരുന്നൊരുക്കുന്ന കാഴ്ചകളാണ്. എന്നാല്‍ കഴിഞ്ഞ ദിവസം ഇവിടെയെത്തിയ വിനോദ സഞ്ചാരികള്‍ക്കു കാണാനായത് അതിലും പുതുമയേറിയ കാഴ്ചയായിരുന്നു.
ആകാശത്തില്‍ പട്ടം പോലെ വിവിധ നിറത്തിലുള്ള അന്‍പതോളം ടെന്റുകള്‍ പാറിപ്പറക്കുന്ന കാഴ്ച. സന്ദര്‍ശകര്‍ പകര്‍ത്തിയ കൗതുകമുണര്‍ത്തുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പറന്നു നടക്കുകയാണ്.
വളരെ ഉയരമുള്ള പ്രദേശത്ത് കാറ്റ് അതിശക്തമായി വീശിയടിച്ചതോടെയാണ് ടെന്റുകള്‍ വായുവില്‍ പറന്നുയര്‍ന്നത്. വില്പനയ്ക്കായി തുറന്ന നിലയില്‍ സൂക്ഷിച്ചിരുന്നതിനാലാണ് ടെന്റുകള്‍ പറന്നു പോയത്.
കാറ്റു വീശിയടിക്കാന്‍ തുടങ്ങിയതോടെ ടെന്റുകള്‍ കുറ്റികളില്‍ ഉറപ്പിച്ചുകെട്ടാന്‍ വില്പനക്കാര്‍ ശ്രമിച്ചെങ്കിലും ചിലത് അതിനു മുന്‍പു തന്നെ കാറ്റു കൊണ്ടുപോവുകയായിരുന്നു.
ഏതാനും മാസങ്ങള്‍ക്കു മുന്‍പും സമാനമായ സംഭവം ഉണ്ടായിരുന്നു. അതിനുശേഷം ടെന്റുകള്‍ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തണമെന്ന് വില്‍പനക്കാര്‍ക്ക് കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നതായി വിനോദസഞ്ചാര കേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.